ഹൈമാസ്റ്റ് ലൈറ്റിനുണ്ടോ എംപി, എംഎല്‍എ ഭേദം ? പന്തളത്ത് രണ്ട് പൊക്കവിളക്കുകളും കണ്ണടച്ചു, നഗരം ഇരുട്ടില്‍

alp-highmastപന്തളം: എംപി, എംഎല്‍എ പദവികളിലെ പൊക്കഭേദമൊന്നും ഹൈമാസ്റ്റ് ലൈറ്റിനറിയില്ലല്ലോ. അറ്റകുറ്റപണിയും പരിപാലനവും യഥാസമയം നടന്നില്ലെങ്കില്‍ പിന്നെ കണ്ണടയ്ക്കുക തന്നെ വഴി. പന്തളം നഗരഹൃദയത്തില്‍  ആന്റോ ആന്റണി എംപി ആറ് ലക്ഷം രൂപ ചെലവഴിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് 2012 ജനുവരിയിലാണ്. ഏതാനും മാസങ്ങള്‍ ലൈറ്റ് പ്രകാശിച്ചതായി നാട്ടുകാര്‍ക്ക് ഓര്‍മയുണ്ട്. ആദ്യം കണ്ണടച്ച ശേഷം പിന്നെ വിളക്ക് തെളിഞ്ഞിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

നഗരസഭയെയും എംപിയെയുമൊക്കെ വിവരമറിയിച്ചെങ്കിലും പരിഹാരമായില്ല. 2011ലാണ് മെഡിക്കല്‍ മിഷന്‍ കവലയില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. 4.2 ലക്ഷം രൂപയായിരുന്നു ചെലവ്. എംപി സ്ഥാപിച്ച ലൈറ്റിനേക്കാള്‍ അധികകാലം പ്രകാശിച്ചുവെന്ന് അവകാശ പ്പെടാമെങ്കിലും എംഎല്‍എയുടെ ലൈറ്റും ഇപ്പോള്‍ കണ്ണടച്ച നിലയിലാണ്. പന്തളത്തെ രണ്ടാമത്തെ കവലയും അങ്ങനെ ഇരുട്ടിലായി.

ഇതു കൂടാതെ, എംസി റോഡ് നവീകരണത്തിനു ശേഷം ഏനാത്ത് മുതല്‍ പന്തളം വലിയപാലം വരെ കെഎസ്ടിപി സ്ഥാപിച്ച കൂറ്റന്‍ വഴിവിളക്കുകളും തകരാറിലായിട്ട് വര്‍ഷങ്ങളായി. ഫലത്തില്‍, തീര്‍ത്ഥാടനകാലം പടിവാതില്‍ക്കലെത്തി നില്‍ക്കെ പന്തളം നഗരം ഇരുട്ടിലായെന്നാണ് ആക്ഷേപം.

Related posts