പണിപാളി! ഉദ്ഘാടന സമയത്ത് ഹൈമാസ്റ്റ് ലൈറ്റ് പണിമുടക്കി; നിരാശനായി എംപി; ഇലക്ട്രീഷന്‍ വന്ന് എല്ലാം ശരിയാക്കി

Light

മുട്ടം: വിവാദ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടന സമയത്ത് പണിമുടക്കി. മുട്ടം ടൗണില്‍ ഓടയില്‍ നിര്‍മിച്ച  ഹൈമാസ്റ്റ് ലൈറ്റാണ് ഉദ്ഘാടന സമയത്ത് പണി മുടക്കിയത്. ഹൈമാസ്റ്റ് ലൈറ്റ് ഓടയില്‍ നിര്‍മിച്ചത് വന്‍ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.

ഇന്നലെ വൈകിട്ട് ജോയ്‌സ് ജോര്‍ജ് എം പി ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായി സ്വിച്ച് ഓണാക്കിയെങ്കിലും ലൈറ്റുകള്‍ തെളിഞ്ഞില്ല. ലൈറ്റുകള്‍ തെളിയാത്തതില്‍ നിരാശനായി എം പി മടങ്ങി. പിന്നീട് ഇലക്ട്രീഷന്‍ വന്ന് ലൈറ്റ് പുനഃസ്ഥാപിച്ചു. എം പി ഫണ്ടില്‍ നിന്നും മൂന്നു ഹൈമാസ്റ്റ് ലൈറ്റുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ ആദ്യത്തെ ലൈറ്റിന്റെ ഉദ്ഘാടനമാണ് നടന്നത്. മറ്റു രണ്ടെണ്ണം പണിതിട്ടില്ല. ഹൈമാസ്റ്റ്് ലൈറ്റിന്റെ ഉദ്ഘാടന ചടങ്ങിനായി സ്റ്റേജ് നിര്‍മിച്ചതും വിവാദത്തിനിടയാക്കി.

രണ്ട് ഹൈക്കോടതി വിധികള്‍ ലംഘിച്ച് മുട്ടം സഹകരണ ബാങ്കിനു മുന്‍പിലായി നടപ്പാതയില്‍ സ്റ്റേജ് കെട്ടിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സഹകരണ ബാങ്കിന് മുന്നില്‍ സ്റ്റേജ് കെട്ടാന്‍ പാടില്ല എന്നു  ബാങ്ക് നല്‍കിയ കേസില്‍ ഹൈക്കോടതി ഉത്തരവുള്ളതും ഫുട്പാത്തില്‍ സ്റ്റേജ് കെട്ടാന്‍ പാടില്ല എന്ന ഉത്തരവും മറികടന്നാണ് ഇവിടെ സ്റ്റേജ് നിര്‍മിച്ചത്. വിവാദങ്ങള്‍ക്കൊടുവില്‍ ലൈറ്റ് തെളിഞ്ഞത് ടൗണിനെ പ്രകാശപൂരിതമാക്കി. മോഷണങ്ങള്‍ക്ക് മറ്റു സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതിലൂടെ സാധിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related posts