റിമ കല്ലിങ്കലിനെ സ്‌ക്രീനില്‍ കണ്ട്, ഒരു നിമിഷം ഞെട്ടിപ്പോയി! ലിനി തന്നെയാണോ മുന്നില്‍ നില്‍ക്കുന്നതെന്ന് തോന്നിപ്പോയി; ട്രെയിലറില്‍ കാണിക്കുന്നതിനേക്കാള്‍ ഭീകരമായിരുന്നു നിപ്പാകാലത്തെ പേരമ്പ്രയുടെ അവസ്ഥ; നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് പറയുന്നു

കേരളം, പ്രത്യേകിച്ച് കോഴിക്കോട്ടുകാര്‍ നേരിട്ട് കണ്ടതും അനുഭവിച്ചതുമായ ഒരു അനുഭവം എന്ന നിലയില്‍ ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വൈറസ് എന്ന ചിത്രത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. വമ്പിച്ച താരനിരകൊണ്ടാണ് ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.

നിപ്പ ജീവനെടുത്തവരില്‍ ഒരാളാണ് സിസ്റ്റര്‍ ലിനി. ലിനിയായി വേഷമിടുന്നത് റിമ കല്ലിങ്കലാണ്. ചിത്രത്തിന്റെ ട്രെയിലറിനെക്കുറിച്ചും റിമയെ ലിനിയായി കണ്ടപ്പോഴുള്ള അനുഭവത്തെക്കുറിച്ചും ലിനിയുടെ ഭര്‍ത്താവ്, സജീഷ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

‘സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ ആഷിക് അബു എന്നെ വിളിച്ചിരുന്നു. നിപ്പയാണ് പ്രമേയമെന്നും ഞങ്ങളുടെയൊക്കെ ജീവിതമാണ് സിനിമയാകുന്നതെന്നും പറഞ്ഞിരുന്നു. റിമയാണ് ലിനിയാകുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നോട് നിപ്പാകാലത്തെ പേരാമ്പ്രയെക്കുറിച്ചുമൊക്കെ ചോദിച്ച് മനസിലാക്കിയിരുന്നു. ഖത്തറില്‍ നടത്തിയ ട്രെയ്ലര്‍ ലോഞ്ചില്‍ ഞാനും പങ്കെടുത്തിരുന്നു. അന്നാണ് ആദ്യമായി ലിനിയായി റിമയെ കാണുന്നത്.

ഒരു നിമിഷം ഞാന്‍ ഞെട്ടിപ്പോയി. ലിനി തന്നെയാണോ മുന്നില്‍ നില്‍ക്കുന്നതെന്ന് തോന്നി. ഹെയര്‍സ്‌റ്റൈല്‍ ഉള്‍പ്പടെ അവളുടേത് പോലെ തന്നെയായിരുന്നു. ആ നിമിഷത്തെക്കുറിച്ച് എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. അത്ര വൈകാരികമായ നിമിഷമായിരുന്നു. ലിനിയായി വേഷമിട്ട റിമയുടെ ചിത്രമൊന്നും എന്നെ കാണിച്ചിരുന്നില്ല. പെട്ടന്ന് സ്‌ക്രീനില്‍ കണ്ടപ്പോള്‍ ശരിക്കും ഷോക്കായി. ട്രെയിലറില്‍ ആ രംഗങ്ങള്‍ കണ്ട കാണികളും കയ്യടിയോടെയാണ് സ്വീകരിച്ചത്.

പേരാമ്പ്രക്കാര്‍ മാത്രമല്ല, ട്രെയിലര്‍ കണ്ട ഓരോരുത്തരും സിനിമ കാണാനുള്ള കാത്തിരിപ്പിലാണെന്നാണ് എനിക്ക് തോന്നുന്നത്. വൈറസിന്റെ ട്രെയിലറില്‍ കാണിക്കുന്നതിനേക്കാള്‍ ഭീകരമായിരുന്നു നിപ്പാകാലത്തെ പേരമ്പ്രയുടെ അവസ്ഥ. ആശുപത്രിയിലേക്ക് പോകുന്ന നഴ്‌സിനെപ്പോലും ബസില്‍ കയറ്റില്ലായിരുന്നു. കയറ്റിയാലും എല്ലാവരും പേടിച്ച് പുറകോട്ട് മാറിനില്‍ക്കും. ഞങ്ങളുടെ വീട്ടിലുള്ളവരെ അസുഖമായിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അയല്‍വാസികള്‍ പോലും ഒരുപാട് മുന്‍കരുതലുകളൊക്കെ എടുത്തശേഷമാണ് കാണാന്‍ വന്നത്.

അത്രയും ഭീതിനിറഞ്ഞ കാലമായിരുന്നു. ഒന്നരമാസത്തോളം ഈ അവഗണന തുടര്‍ന്നു. ഇപ്പോള്‍ പക്ഷെ അതെല്ലാം മാറി. എവിടെപ്പോയാലും ആളുകള്‍ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. എന്തെങ്കിലും അസുഖമായിട്ട് ആശുപത്രിയില്‍ പോയാലും കാശ് ഒന്നും ആരും വാങ്ങിക്കാറില്ല. ഞാനിപ്പോള്‍ ലിനിയുടെ വീട്ടിലാണ് താമസം. ലിനിയുടെ അമ്മയ്ക്ക് അപസ്മാരത്തിന്റെ അസുഖമുണ്ട്. ഞാന്‍ വിദേശത്തായിരുന്ന സമയത്ത് ലിനിയായിരുന്നു അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നത്.

കുഞ്ഞുങ്ങളും വളര്‍ന്നത് ഇവിടെ തന്നെയാണ്. പെട്ടന്ന് ഒരു പറിച്ചുനടല്‍ അവര്‍ക്കും ബുദ്ധിമുട്ടാണ്. ലിനി പോയ ആദ്യനാളുകളില്‍ മക്കളെ നോക്കാനൊക്കെ ഒരുപാട് കഷ്ടപ്പെട്ടു. എന്തുചെയ്യണം? എങ്ങനെ ചെയ്യണം എന്നൊന്നും ഒരു രൂപവുമില്ലായിരുന്നു. ലിനിയുടെ രണ്ട് സഹോദരിമാരുണ്ട്, അവരാണ് കുഞ്ഞുങ്ങളെ നോക്കാന്‍ സഹായിച്ചത്. അവരുടെ കരുതലുള്ളത് കൊണ്ടാണ് കുഞ്ഞുങ്ങള്‍ ലിനി ഇല്ലാതായ ആഘാതത്തില്‍ നിന്നും കരകയറിയത്. സജീഷ് പറയുന്നു.

Related posts