പന്തളം: തൃശൂരിൽനിന്ന് ആറ്റിങ്ങലിലേക്ക് കാലിത്തീറ്റയുമായി പോയ ലോറി പന്തളം കുരന്പാല പത്തിയിൽ വീടിനു മുകളിലേക്കു മറിഞ്ഞു. കുരമ്പാല ആശാൻ തുണ്ടിൽ പടിഞ്ഞാറ്റതിൽ രാജേഷിന്റെ വീടിനു മുകളിലേക്കാണു ലോറി മറിഞ്ഞത്. കോൺക്രീറ്റ് വീട് പൂർണമായി തകർന്നു.
വീട്ടിലുണ്ടായിരുന്ന നാലു പേരും ലോറിയിലുണ്ടായിരുന്ന ഡ്രൈവർ സജീവും ക്ലീനർ അനന്തുവും പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ 5.45 നായിരുന്നു അപകടം.
അടൂർ ഭാഗത്തേക്ക് ലോഡുമായി വന്ന ലോറി ദിശമാറി വലതു വശത്തുള്ള വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവും അപകടകാരണമെന്നു പോലീസ് പറഞ്ഞു. വീടിനുള്ളിലുണ്ടായിരുന്ന ഗൃഹനാഥൻ രാജേഷ് (42), ഭാര്യ ദീപ (36), മക്കളായ മീനാക്ഷി (16), മീര (12) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭിത്തി ഇടിഞ്ഞു വീണ് വീടിനുള്ളിൽ കുടുങ്ങിപ്പോയ നിലയിലായിരുന്നു മീരയും മീനാക്ഷിയും. മീനാക്ഷിയെ (16) അഗ്നിരക്ഷാസേന ഭിത്തി പൊട്ടിച്ചാണ് പുറത്തെടുത്തത്.
ലോറി വീണ് വീടിന്റെ വാർപ്പ് ഏതു സമയത്തും നിലംപൊത്തുമെന്ന നിലയിലായിരുന്നതിനാൽ സാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ എസ്എഫ്ആർഒ അനൂപ്, എഫ്ആർഒമാരായ ഹരിലാൽ, ശ്രീജിത്ത്, ദീപേഷ്, ദിപിൻ, അനീഷ്കുമാർ, മെക്കാനിക് ഗിരീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.