ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് മയക്കുവെടി വച്ച് ചികിത്സ നൽകി; മുൻകാലിനും  ഉള്ളിലും കാര്യമായ ചതവുണ്ടായതായി ഡോക്ടർമാർ

വയനാട്: മുത്തങ്ങ പൊൻകുഴിയിൽ ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് മയക്കുവെടി വച്ച് ചികിത്സ നൽകി. വനംവകുപ്പിന്‍റെ നിരീക്ഷണത്തിലുള്ള കാട്ടാന രക്ഷപെടാൻ 50 ശതമാനം സാധ്യത മാത്രമേയുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. വലതുമുൻകാലിന് പരിക്കേറ്റ ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ട്.

കഴിഞ്ഞ രാത്രി ഒൻപതിനാണ് ലോറിയിടിച്ച് ആനയ്ക്ക് പരിക്കേറ്റത്. ലോറിയിടിച്ച സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ അപ്പുറം വനത്തിലാണ് ആന നിലവിൽ നിലയുറപ്പിച്ചിരിക്കുന്നത്. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഒരേ സ്ഥലത്ത് തന്നെ ആന നിൽക്കുകയാണ്. സമീപത്ത് തന്നെ കാട്ടാനക്കൂട്ടവും ഉണ്ട്. കുംകി ആനകളെ എത്തിച്ച് ഇവയെ തുരത്തിയ ശേഷമാണ് മയക്കുവെടി വച്ച് പരിക്കേറ്റ ആനയ്ക്ക് ചികിത്സ നൽകിയത്.

പുറമേ പരിക്കില്ലെങ്കിലും ലോറിയിടിച്ച് മുൻകാലിന് കാര്യമായ ചതവ് പറ്റിയിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇതാണ് ആനയ്ക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയിലെത്തിച്ചത്. ഇരുപത് വയസോളം പ്രായമുള്ള ആനയാണിത്.

അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്. വന്യമൃഗ വേട്ടയ്ക്ക് ഡ്രൈവർക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Related posts