പാരീസ്: ലൂവ്റ് മ്യൂസിയത്തിൽനിന്ന് അമൂല്യ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ രണ്ടു പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഇക്കാര്യം പിന്നീട് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് സ്ഥിരീകരിക്കുകയായിരുന്നു. അറസ്റ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നല്കാൻ പ്രോസിക്യൂട്ടർ തയറായില്ല.
ശനിയാഴ്ചയായിരുന്നു അറസ്റ്റെന്ന് ലെ പാരീസിയൻ ദിനപത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. രണ്ടു പേരും മുപ്പതിനു മുകളിൽ പ്രായമുള്ളവരാണ്. ചാൾസ് ഡി ഗോൾ വിമാനത്താവളത്തിലൂടെ അൾജീരിയയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാൾ പിടിയിലായത്.
ആഭരണങ്ങൾ വീണ്ടെക്കാൻ കഴിഞ്ഞോ, നാലംഗ മോഷണസംഘത്തിലെ മറ്റുള്ളവരുടെ അറസ്റ്റിലേക്കു നയിക്കാൻ സഹായകരമായ വിവരങ്ങൾ ഇവരിൽനിന്നു ലഭിച്ചോ എന്നുള്ള കാര്യങ്ങൾ വ്യക്തമല്ല. അറസ്റ്റ് വാർത്ത ചോർന്നതാണെന്നും ഇത്തരം കാര്യങ്ങൾ അന്വേഷണത്തെ തടസപ്പെടുത്തുകയേ ഉള്ളൂവെന്നും പാരീസ് പ്രോസിക്യൂട്ടർ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച നാലു മോഷ്ടാക്കൾ ഏതാണ്ട് 896 കോടി രൂപ വില വരുന്ന എട്ട് ആഭരണങ്ങളാണ് ലൂവ്റിൽനിന്നു മോഷ്ടിച്ചത്. വാഹനത്തിൽ ഘടിപ്പിച്ച യന്ത്രഗോവണി ഉപയോഗിച്ച് മ്യൂസിയത്തിന്റെ ഒന്നാം നിലയിലുള്ള അപ്പോളോ ഗാലറിയിൽ കടന്ന മോഷ്ടാക്കൾ ആഭരണങ്ങൾ എടുത്ത് രണ്ടു സ്കൂട്ടറുകളിൽ രക്ഷപ്പെടുകയായിരുന്നു. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ പത്നി മേരി ലൂയി ചക്രവർത്തിനിയുടെയും നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജീൻ ചക്രവർത്തിനിയുടെയും ആഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്.
ലൂവ്റ് മ്യൂസിയം ആഭരണങ്ങൾ ബാങ്ക് ഓഫ് ഫ്രാൻസ് സ്ട്രോംഗ് റൂമിൽ
മോഷണത്തിന്റെ പശ്ചാത്തലത്തിൽ ലൂവ്റ് മ്യൂസിയത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങളിൽ ചിലത് ബാങ്ക് ഓഫ് ഫ്രാൻസിന്റെ സ്ട്രോംഗ് റൂമിലേക്കു മാറ്റി. വെള്ളിയാഴ്ച പോലീസ് അകന്പടിയോടെ ആഭരണങ്ങൾ അര കിലോമീറ്റർ അകെലയുള്ള ബാങ്ക് ഹെഡ്ക്വാർട്ടേഴ്സിൽ എത്തിക്കുകയായിരുന്നു.
ബാങ്കിനു താഴെ 26 മീറ്റർ ആഴത്തിലാണ് ഭൂഗർഭ സ്ട്രോംഗ്റൂം. ഫ്രാൻസിലെ ഏറ്റവും ഉറപ്പുള്ള സ്ട്രോംഗ്റൂം എന്നാണ് അറിയപ്പെടുന്നത്. ഫ്രഞ്ച് സർക്കാരിന്റെ തൊണ്ണൂറു ശതമാനം സ്വർണശേഖരവും ലിയനാർഡോ ഡാ വിൻചിയുടെ നോട്ട്ബുക്ക് പോലുള്ള അമൂല്യനിധികളും ഇവിടെയാണു സൂക്ഷിക്കുന്നത്.

