അടുത്ത വര്‍ഷം മുതല്‍ സ്കൂള്‍ കലോത്സവത്തില്‍ മത്സര ഇനമായി മാജിക് ഉള്‍പ്പെടുത്തും എന്ന സര്‍ക്കാര്‍ തീരുമാനം ഈ കലയെ പാടേ നശിപ്പിക്കാന്‍ പോന്നതാണെന്ന് മജീഷ്യന്‍ സാമ്രാജ്. മാജികിനെ കലോത്സവ ഐറ്റമാക്കുക എന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കണ്ണൂരിലെ കലോത്സവ വേദിയിലേക്ക് മജീഷ്യന്‍മാര്‍ പ്രകടനം നടത്തിയിരുന്നു. തൊട്ടുപിന്നാലെ രാഷ്ട്രദീപിക ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാര്‍ നീക്കത്തിനെതിരേ മജീഷ്യന്‍ സാമ്രാജ് പ്രതികരിച്ചത്. ഇന്റര്‍നെറ്റിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും മറ്റും മാജികിന്റെ രഹസ്യങ്ങള്‍ കേവലം പ്രശസ്തിക്കുവേണ്ടിയോ ധനസമ്പാദനത്തിനുവേണ്ടിയോ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വിവരിച്ചുകൊടുക്കുന്നത് ഈ കലയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സാമ്രാജ് പറഞ്ഞു. രാഷ്ട്രീയക്കാരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അല്ല ഈ കാര്യത്തില്‍ അഭിപ്രായം പറയേണ്ടതും നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതും. അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അതാത് രംഗത്തെ വിദഗ്ധരുമായി ചര്‍ച്ച നടത്തേണ്ടതാണ്. അങ്ങനെ നടക്കാത്തതിന് പിന്നില്‍ എന്തൊക്കെയോ ഹിഡന്‍ അജണ്ടകള്‍ ഉണ്ടെന്നത് തീര്‍ച്ചയാണ്. ജനാധിപത്യ സര്‍ക്കാരുകള്‍ ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് വേണ്ടിയല്ല, എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളണം.
മാജിക് ജന്മവാസനയായി കിട്ടിയിട്ടുള്ള കുട്ടികള്‍ താത്പര്യത്തോടെ സ്വാഭവികമായും ആ ഫീല്‍ഡിലേക്ക് വരും. മാജിക് പ്രൊഫഷനാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മാത്രമേ ഇത്തരം അക്കാഡമികളില്‍ പോയി പഠിക്കാന്‍ താത്പ്പര്യപ്പെടുകയുമുള്ളു. അവര്‍ക്ക് പഠിക്കാന്‍ മാജിക് അക്കാഡമികള്‍ സംസ്ഥാനത്തുടനീളമുണ്ട്. ആവശ്യമുള്ളവര്‍ക്ക് അവിടങ്ങളില്‍ പോയി പഠിക്കാം. അല്ലാതെ മാജിക് സിലബസിലും മറ്റും ഉള്‍പ്പെടുത്തി നിര്‍ബന്ധിച്ച് കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്. മാജിക് ഒരിക്കലും കണ്ടും കേട്ടും പഠിക്കാന്‍ സാധിക്കില്ല. ഇത് ജന്മനാ കിട്ടുന്ന കഴിവ് വളര്‍ത്തി ചെയ്യേണ്ടതും ഒരു ഗുരുവില്‍ നിന്ന് നേരിട്ട് പഠിക്കേണ്ടതുമാണ്. കലോത്സവത്തിലെ മറ്റ് ഇനങ്ങളില്‍ എന്നപോലെ മാജിക് ഇനം അവതരിപ്പിക്കുന്ന കുട്ടികളില്‍ ഒരാള്‍ പോലും ഭാവിയില്‍ ഈ രംഗത്ത് നിലയുറപ്പിക്കാന്‍ സാധ്യതയില്ല. ഇക്കാരണത്താല്‍ തത്ക്കാലത്തേയ്ക്ക് മാത്രം മാജിക് പഠിക്കുന്ന കുട്ടികള്‍ വിവിധയിടങ്ങളില്‍ മാജിക് ഷോകള്‍ നടത്തി ഉപജീവനം നടത്തുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇത് ഒരു വെല്ലുവിളിയാവുകയേ ഉള്ളുവെന്നും സാമ്രാജ് പറഞ്ഞു.
മാജിക് രംഗത്ത് ബാലമാന്ത്രികര്‍ ധാരാളം ഉണ്ടെങ്കിലും ചെറിയ കുട്ടികള്‍ക്ക് രഹസ്യം നിലനിര്‍ത്തുവാനുള്ള പക്വത ഉണ്ടായിരിക്കണമെന്നില്ല. മത്സര ഇനമായാല്‍ മാജിക് ഇന്‍സ്റ്റിറ്റൂട്ടുകളും മാജിക് അക്കാഡമികളും കൂണുപോലെ മുളച്ചുപൊന്തുകയും ഇതൊരു ബിസിനസ് ആയി മാറുകയും ചെയ്യും. മാജിക്കിന്റെ ഉപകരണങ്ങളും വേഷവിധാനങ്ങളും വളരെ വിലയേറിയതായതിനാല്‍ ഇവ വിധി നിര്‍ണയത്തിലെ ഘടകങ്ങളാവുകയും കലോത്സവ വേദികള്‍ പണക്കൊഴുപ്പ് കാട്ടുവാനുള്ള അവസരമാക്കി ആളുകള്‍ മാറ്റുകയും ചെയ്യും. അനുകൂലമായ തീരുമാനം ഉണ്ടാകാത്ത പക്ഷം മാജിക് ഉപജീവനമാര്‍ഗമാക്കിയിരിക്കുന്ന കേരളത്തിലെ മൂവായിരത്തോളം മാന്ത്രികരും അവരുടെ കുടുംബക്കാരും മാജിക്കിനെ സ്‌നേഹിക്കുന്ന ആയിരക്കണക്കിന് ആളുകളും വിവിധ പ്രക്ഷോപ പരിപാടികളുമായി രംഗത്തുവരും. അതിന് മുന്നോടിയായി ഈ മാസം 30 ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ കലാ സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മാന്ത്രികര്‍ ‘ഫയര്‍ എസ്‌ക്കേപ്പ്’ അവതരിപ്പിച്ച് പ്രതീകാത്മക ആത്മാഹൂതി ചെയ്യുമെന്നും എല്ലാ ജില്ലകളിലും ഇതിനോടനുബന്ധിച്ച് തെരുവില്‍ മാന്ത്രികര്‍ മാജിക് അവതരിപ്പിക്കുമെന്നും മജീഷ്യന്‍ സാമ്രാജ് അറിയിച്ചു.