കോട്ടയം: മണർകാട്ടെ കോടികൾ മറിയുന്ന ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ മാലം സുരേഷിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.
സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കേസിൽ മുൻകൂർ ജാമ്യത്തിനായി കീഴ്ക്കോടതിയ സമീപിക്കാനാണ് സെഷൻസ് കോടതി നിർദേശിച്ചത്. ഇതോടെയാണ് മാലം സുരേഷിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം ചീട്ടുകളി കേസന്വേഷിക്കുന്ന പോലീസ് സംഘം സ്വീകരിച്ചിരിക്കുന്നത്.
മാലം സുരേഷുമായി ബന്ധമുണ്ടെന്ന വിവരം പുറത്തു വന്നതിന്റെ അടിസ്ഥാനത്തിൽ മണർകാട് പോലീസ് സ്റ്റേഷനിലെ അഞ്ചു പോലീസുകാർക്കെതിരെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. തുടർന്നായിരിക്കും ഇവർക്കെതിരെ നടപടിയുണ്ടാകുന്നത്.
ചീട്ടുകളി കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഇന്നു മുതൽ റെയ്ഡിൽ പിടികൂടിയവരുടെ മൊഴികൾ രേഖപ്പെടുത്തും. റെയ്ഡിൽ പങ്കെടുത്ത രണ്ട് എസ്ഐമാർ, രണ്ട് സിവിൽ പോലീസുകാർ എന്നിവരുടെ മൊഴികൾ ഇന്നലെ രേഖപ്പെടുത്തുകയും ചെയ്തു.
ഇവർക്കു പുറമെ ചീട്ടുകളിക്കാൻ കമ്മീഷൻ ഈടാക്കി ആളുകളെ എത്തിച്ചിരുന്ന ചില ഏജന്റുമാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. കോട്ടയം നഗരത്തിലെ ചീട്ടുകളി കേന്ദ്രത്തിൽ ഉൾപ്പെടെ കളിക്കാരെ എത്തിച്ചിരുന്നതും ഈ ഏജന്റുമാർ തന്നെയാണ്.