വിദേശഫലങ്ങളുടെ സ്വദേശമാവാന് ഒരുങ്ങി ഫ്രൂട്ട് ഗ്രാമവുമായി തോട്ടപ്പുഴശേരി. ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില് സമൃദ്ധി കര്ഷകസംഘം വിദേശ ഫലങ്ങള് കൃഷി ചെയ്ത് പ്രാദേശിക സമ്പദ് വ്യവസ്ഥയെ കാര്ഷിക മേഖലയിലൂടെ ശക്തിപ്പെടുത്തുന്നതാണ് ഫ്രൂട്ട് ഗ്രാമം പദ്ധതി.
ഗ്രാമപഞ്ചായത്ത്, കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായ പഴവര്ഗ, സസ്യ പ്രദര്ശന വിപണന മേള മാരാമണ് സെന്റ് ജോസഫ് കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില് ആരംഭിച്ചു.
കര്ഷകരുടെ വരുമാനം വര്ധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങള് സൃഷ്ടിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. കാലാവസ്ഥയ്ക്കനുസൃതമായി മാംഗോസ്റ്റീന്, അവക്കാഡോ, ഡൂറിയാന്, റമ്പൂട്ടാന് തുടങ്ങിയവയാണു ഫ്രൂട്ട് ഗ്രാമം പദ്ധതിയില് കൃഷി ചെയ്യുന്നത്.
വിദേശ ഫലങ്ങളുടെ ആവശ്യാനുസരണം ആഭ്യന്തര ഉല്പാദനം വര്ധിപ്പിച്ച് സ്വയം പര്യാപ്തത നേടുകയാണു ലക്ഷ്യം. വിവിധതരം പഴവര്ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കര്ഷകര്ക്ക് പുതിയ വരുമാന മാര്ഗമാണ് പദ്ധതിയിലൂടെ പഞ്ചായത്ത് നടപ്പാക്കാനൊരുങ്ങുന്നത്.
തരിശുഭൂമികള് ഫലപ്രദമായി ഉപയോഗപെടുത്താനൊപ്പം കൃഷി, വിളവെടുപ്പ്, സംസ്കരണം, വിപണനം തുടങ്ങി നിരവധി തൊഴിലവസരങ്ങളും പ്രാദേശികമായി ലഭിക്കും. പഴങ്ങളില് നിന്ന് ജാം, സ്ക്വാഷ്, അച്ചാര് തുടങ്ങിയ മൂല്യ വര്ധിത ഉത്പന്നങ്ങള് വില്ക്കുന്നതിനായി റീട്ടെയില് ഷോപ്പും ആരംഭിക്കും.