തുറവൂർ: ശുചിത്വ പരിപാടികൾ ഗംഭീരമായി നടക്കുമ്പോഴും നാട്ടിൽ പലേടത്തും മാലിന്യക്കൂ ന്പാരം. കുത്തിയതോട് – തുറവൂർ പഞ്ചായത്തുകളിലെ അതിരുപങ്കിടുന്ന പള്ളിത്തോട് -ചാവടി റോഡിന്റെ ഇരുവശങ്ങളിലും തള്ളിയിരിക്കുന്ന മാലിന്യങ്ങൾകൊണ്ടാണ് നൂറുകണക്കിനു ജനങ്ങൾ ദുരിതമനുഭവിക്കുന്നത്.
ശുചിത്വ വാരാചരണവും ശുചിത്വ മാസാചരണവും പൊടിപൊടിക്കുന്പോഴാണ് ഇവിടെ ജനങ്ങളുടെ ദുരവസ്ഥ. നിരവധി ചാക്ക് ഇറച്ചി, കോഴി മാലിന്യങ്ങളാണ് പള്ളിത്തോട് – ചാവടി റോഡിന്റെ തെക്കുഭാഗത്തായി തോട്ടിൽ തള്ളിയിരിക്കുന്നത് .
ഒഴുകിപ്പരന്ന് മാലിന്യങ്ങൾ
കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഈ മാലിന്യങ്ങൾ പള്ളിത്തോട് റോഡിൽ നിരന്നു. വാഹനങ്ങൾ കയറിയിറങ്ങി മുഴുവൻ പ്രദേശവും മാലിന്യവും നാറ്റവുമാണ്. ഈ തോടിന്റെ സമീപത്തെ പാടശേഖരങ്ങളുടെ തീരത്തു താമസിക്കുന്ന നൂറുകണക്കിനു ജനങ്ങളും വലയുകയാണ്.
ത്വക്ക് രോഗങ്ങളും മറ്റു ശ്വാസകോശ രോഗങ്ങളും ഈ മേഖലയിൽ കൂടുതലാണ്.മാലിന്യങ്ങൾ ഒഴുകിയെത്തി ഈ പ്രദേശത്തെ കിണറുകളി ലും തോടുകളിലും കുളങ്ങളിലും വീണതോടെ ശുദ്ധജലത്തിനായി ജനം പലവഴി ഓടുകയാണ്. പരാതി നൽകിയിട്ടും പഞ്ചായത്തുകൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മാലിന്യം വരുന്ന വഴി
പള്ളിത്തോട്, ചാവടി, നാലുകുളങ്ങര, തുറവൂർ, മനക്കോടം തുടങ്ങിയ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക അറവുശാലകൾക്കും കോഴിക്കടകൾക്കും മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനം ഇല്ല. ഇതു നോക്കാതെയാണ് പഞ്ചായത്തുകൾ പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
പള്ളിത്തോട് – ചാവടി ഭാഗങ്ങളിൽ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നതാണ്.ജനകീയ സമരത്തെത്തുടർന്ന് കാമറ സ്ഥാപിക്കുമെന്നു കുത്തിയതോട്, തുറവൂർ പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ചെങ്കിലും മുന്നോട്ടുപോയില്ല. കഴിഞ്ഞ രാത്രിയിലും ചാക്കിൽക്കെട്ടി മാലിന്യങ്ങൾ ഇവിടെ തള്ളിയിട്ടുണ്ട്.
പള്ളിത്തോട് – ചാവടി റോഡിന്റെ ഇരുവശങ്ങളിലുമുള്ള തോടുകളിൽ തള്ളിയിരിക്കുന്ന ഇറച്ചി മാലിന്യങ്ങൾ അടിയന്തരമായി നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.