കുമരകം: കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയും മൂലം വിരിപ്പു കൃഷിയിറക്കാനാകാതെ കർഷകർ വലയുന്നു. ഈ വർഷം തുടർച്ചയായി ഉണ്ടായ മൂന്നു വെള്ളപ്പൊക്കമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. പല പാടശേഖരങ്ങളിലെയും കൃഷി മടവീണും പുറംബണ്ട് കവിഞ്ഞുകയറിയും നശിച്ചു.
മടയിട്ട് വീണ്ടും വെള്ളം പമ്പുചെയ്ത് കൃഷിയിറക്കാൻ വേണ്ട പണം കണ്ടെത്താൻ വഴിയില്ലാതെ പല കർഷകരും കൃഷി തുടരേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പുഞ്ചകൃഷിയുടെ നെല്ലിന്റെ പണം പോലും കിട്ടാത്ത കർഷകർ വീണ്ടും കൃഷിയിറക്കാൻ മാർഗമില്ലാതെ അലയുകയാണ്.
വളം, കീടനാശിനി, കളനാശിനി തുടങ്ങിയവയുടെ അമിത വിലവർധനയ്ക്കൊപ്പം തൊഴിലാളി ക്ഷാമവും കൃഷി ചെയ്യുന്നതിൽനിന്നു കർഷകരെ നിരുത്സാഹപ്പെടുത്തുകയാണ്. മാത്രവുമല്ല ഏതാനും വർഷങ്ങളായി കൃഷിയെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്ന കളയായ വരിനെല്ല് നശിപ്പിക്കാൻകഴിയുന്ന കളനാശിനി ലഭ്യമല്ലാത്തതും നെൽകൃഷിക്ക് പുതിയ വെല്ലുവിളിയാണ്.
നെൽ കൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളേറെയും കർഷകന്റെ അക്കൗണ്ടുകളിലെത്തുന്നില്ല. കൈകാര്യച്ചെലവ്, വളം സബ്സിഡി, പന്പിംഗ് സബ്സിഡി, ഉത്പാദന ബോണസ് തുടങ്ങിയവയെല്ലാം കുടിശികയാണ്.
കുമരകത്ത് കഴിഞ്ഞ വർഷം 550 ഹെക്ടർ നിലത്ത് വിരിപ്പുകൃഷി ചെയ്തിരുന്നു. ഇക്കുറി 340 ഹെക്ടറിലാണ് കൃഷിയിറക്കിയത്. അതിൽ 200 ഹെക്ടർ വരുന്ന മൂലേപ്പാടം തെക്കേ ബ്ലോക്കും മൂലേപ്പാടം വടക്കേ ബ്ലോക്കും മടവീണു കൃഷി നശിച്ചു. ഫലത്തിൽ 140 ഹെക്ടറിലെ കൃഷിയാണ് അവശേഷിക്കുന്നത്. 170 ഹെക്ടറിൽകൂടി കൃഷിയിറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
തിരുവാർപ്പിൽ പുതുക്കാട്ടമ്പത് പാടത്ത് പഞ്ചായത്തിന്റെ സഹകരണത്തോടെ യന്ത്രം ഉപയോഗിച്ചു നട്ട നെല്ല് മുങ്ങിനശിച്ചു. വീണ്ടും ഇപ്പോൾ യന്ത്രം എത്തിച്ച് നടീൽ പുനരാരംഭിച്ചിട്ടുണ്ട്. അയ്മനത്തും കഴിഞ്ഞ സീസണിലേതിനേക്കാൾ വിരിപ്പുകൃഷി കുറവാണ്.