മാനവീയം വീഥിയില്‍ തെരുവു ചലച്ചിത്രമേള 27 മുതല്‍! ഹ്രസ്വചിത്രങ്ങള്‍ക്കൊപ്പം ഡബ്‌സ്മാഷ് മത്സരവും; അപേക്ഷ അയയ്ക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 15

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സാംസ്‌കാരിക ഇടനാഴിയായി മാറിയ മാനവീയം വീഥിയില്‍ തെരുവു ചലച്ചിത്രമേളയ്ക്കു തിരശീല ഉയരുന്നു. ചലച്ചിത്രമേളകളില്‍ എത്തിപ്പെടാന്‍ കഴിയാതെ പോകുന്ന സിനിമകള്‍ക്കും കാണികള്‍ക്കുമായി നിഴലാട്ടം പ്രവര്‍ത്തകരാണ് മേള സംഘടിപ്പിക്കുന്നത്. 20 മിനിറ്റിനു താഴെ ദൈര്‍ഘ്യമുള്ള 30 ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയ്ക്ക് ഈ മാസം 27നു തുടക്കമാകും.
ഐഎഫ്എഫ്‌കെ, ഐഡിഎസ്എഫ്എഫ്‌കെ തുടങ്ങി പല ചലച്ചിത്ര മേളകള്‍ക്കും തലസ്ഥാനം വേദിയാകുന്നുണ്ടെങ്കിലും അവിടേക്കെത്തിപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വളരെ കുറവാണ്.

അതിനൊരു മാറ്റം സൃഷ്ടിക്കാനാണു തെരുവു ചലച്ചിത്ര മേളയിലൂടെ നിഴലാട്ടം അംഗങ്ങള്‍ ലക്ഷ്യമിടുന്നതെന്നു മേളയുടെ ക്രിയേറ്റീവ് ഹെഡ് രതീഷ് രോഹിണി പറഞ്ഞു. ഭീമമായ വാടകയും നികുതിയും താങ്ങാനാകാത്ത, കഴിവുള്ള ഒരുപാട് കലാകാരന്മാര്‍ നമുക്കു ചുറ്റുമുണ്ട്. അങ്ങനെയുള്ളവര്‍ക്കായുള്ള ജനകീയ വേദി ഒരുക്കാനാണു ഞങ്ങള്‍ ശ്രമിക്കുന്നത്. ശീതികരിച്ച മുറിക്കുള്ളിലേക്കു കലയെ ഒതുക്കാതെ അവയെ തുറസായ ഇടങ്ങളിലേക്കു പറിച്ചു നടുകയാണ് നിഴലാട്ടം.

തെരുവുകളെങ്കിലും സ്വതന്ത്രമാകട്ടെ എന്ന ഹാഷ് ടാഗ് മാത്രമാണു മേളയുടെ പ്രചരണത്തിനായി സംഘാടകര്‍ സ്വീകരിച്ചിട്ടുള്ളത്. ഹ്രസ്വചിത്രങ്ങള്‍ക്കൊപ്പം ഡബ്‌സ്മാഷ് മത്സരവും ഒരുക്കിയിട്ടുണ്ട്. തെരുവിന്റെ സ്വഭാവങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയാകും മേള അരങ്ങേറുക. തെരുവു നാടകം, സാംസ്‌കാരിക പരിപാടികള്‍, തെരുവു കലാകാരന്മാരെ ആദരിക്കല്‍, നാട്ടന്‍പാട്ട് അവതരണം, ചിത്ര പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

വൈകുന്നേരം അഞ്ചു മുതല്‍ രാത്രി പത്തു വരെ പ്രത്യേകം സജ്ജീകരിച്ച എല്‍ഇഡി ഹാളിലാണു സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. സിനിമകള്‍ക്കൊപ്പം തന്നെ തെരഞ്ഞെടുക്കപ്പെട്ട ഡോക്യുമെന്ററികളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മികച്ച സിനിമ, സംവിധായകന്‍, ഡോക്യുമെന്ററി എന്നിവയ്ക്കു പുരസ്‌കാരങ്ങള്‍ നല്‍കും.

2016ലാണു തെരുവു ചലച്ചിത്ര മേളയുടെ ആദ്യ പതിപ്പ് അരങ്ങേറിയത്. ഏറെ ആശങ്കയോടെയാണ് ആദ്യം മേള സംഘടിപ്പിച്ചതെങ്കിലും അന്നു ജനങ്ങള്‍ നല്‍കിയ പിന്തുണയാണു തുടര്‍ന്നും മേള സംഘടിപ്പിക്കാനുള്ള പ്രചോദനമായതെന്നു നിഴലാട്ടത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

മൂന്നു ദിവസം നീളുന്ന മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡിവിഡി ഫോര്‍മാറ്റിലാക്കിയ ചലച്ചിത്രങ്ങളും ഡബ്‌സ്മാഷും ക്രിയാത്മ, പിഎല്‍ആര്‍എ-എ 15, പണിക്കേര്‍സ് ലൈന്‍, ശാസ്തമംഗലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ പോസ്റ്റു ചെയ്യുക. പണമില്ലാത്തതിനാല്‍ ആരും തന്നെ മാറി നില്‍ക്കാന്‍ പാടില്ല എന്നു നിര്‍ബന്ധമുള്ളതിനാല്‍ രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കിയെന്നു നിഴലാട്ടം ടീം അംഗം രെജു ആര്‍. നായര്‍ പറഞ്ഞു. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി www.nizhalattam.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടാതെ 9539967287, 9495545916 എന്ന ഫോണ്‍ നമ്പരില്‍ നേരിട്ടും ബന്ധപ്പെടാം. ഈ മാസം 15-ാണ് അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി.

 

Related posts