ഏഴു വയസുള്ള മകളെ അമ്മ കുത്തിയത്‌ മുപ്പത് തവണ; ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഏഴു വയസുകാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല

ഡാളസ്: ഏഴു വയസുള്ള മകളെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. മകളുടെ ശരീരത്തിലേക്ക് മുപ്പതില്‍ കൂടുതല്‍ തവണയാണു കത്തികൊണ്ടു കുത്തിയത്.

ജൂണ്‍ 16 വ്യാഴാഴ്ച ഡാലസ് ഫ്രെയ്‌സിയര്‍ സ്ട്രീറ്റിലായിരുന്നു സംഭവം. 23 വയസുള്ള ട്രോയ് ഷെയ്ഹാളാണ് മകളെ കൊലപ്പെടുത്തിയത്. മറ്റൊരു മകനെ (17) മാരകമായി കുത്തി പരുക്കേല്‍പ്പിച്ചെന്നും പോലീസ് പറഞ്ഞു.

സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നു സംഭവസ്ഥലത്തെത്തിയ പോലിസ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഏഴു വയസുകാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം പ്രതി പോലിസിനു മുമ്പാകെ കുറ്റസമ്മതം നടത്തി.

അടുത്തിടെയാണ് സൈക്യാട്രി ഫെസിലിറ്റിയില്‍ നിന്നു ഹാള്‍ ഇവിടെ എത്തിയതെന്നു സമീപവാസികള്‍ പറയുന്നു. കുറ്റകൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ലെന്നും മാനസികാവസ്ഥയെ കുറിച്ചു ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പോലീസ് പറഞ്ഞു.

അറസ്റ്റ് ചെയ്തു ഡാലസ് കൗണ്ടി ജയിലിലടച്ച ഇവര്‍ക്ക് 1.5 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കോടതി രേഖകളനുസരിച്ചു 2017 ല്‍ നടന്ന കവര്‍ച്ച കേസില്‍ ഇവര്‍ക്ക് എട്ടു വര്‍ഷത്തെ പ്രൊബേഷന്‍ ലഭിച്ചിരുന്നതായി കാണുന്നുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts

Leave a Comment