ഓടടാ കണ്ടംവഴി എന്ന് പോലീസ് ! ചത്താലും ഞങ്ങള്‍ പോകില്ല സാറേ…എന്ന ഭാവത്തില്‍ മദ്യപന്മാര്‍; ബെവ്‌റേജസ് കോര്‍പ്പറേഷനു മുമ്പില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജ്

ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോട്ട് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കു മുമ്പിലെ തിരക്കിന് യാതൊരു കുറവുമില്ല.

ഏറ്റവും അധികം ആളുകള്‍ നിരീക്ഷണത്തിലുള്ള ജില്ലകളിലൊന്നായ കോഴിക്കോടും സ്ഥിതി വ്യത്യസ്ഥമല്ല. വടകരയിലെ ബിവറേജ് കടയിലെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു.

അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള കടകള്‍ക്ക് മുന്നിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പോലും അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നിലവിലുള്ളപ്പോഴാണ് ബിവറേജസ് കടകള്‍ക്ക് മുന്നില്‍ നൂറും ഇരുന്നൂറും പേര്‍ തിക്കിത്തിരക്കുന്നത്.

മുഖത്ത് ഒരു ടവ്വല്‍ കെട്ടി നില്‍ക്കുന്നുണ്ട് എന്നതൊഴിച്ചാല്‍, മദ്യപാനികള്‍ക്ക് വേറെ സുരക്ഷാ ആവരണമൊന്നും മുഖത്തില്ല. വടകരയില്‍ ആളുകളോട് പിരിഞ്ഞ് പോരാന്‍ പറഞ്ഞിട്ടും കേള്‍ക്കാതിരുന്നതുകൊണ്ടാണ് പൊലീസിന് മദ്യപാനികള്‍ക്ക് നേരെ ലാത്തി വീശേണ്ടി വന്നത്.

പോലീസ് ‘ഓടടാ’ എന്നു പറഞ്ഞിട്ടും മദ്യപാനികള്‍ കേട്ടഭാവം നടിച്ചില്ല. പിന്നെയും ക്യൂവില്‍ നിന്നു. കാസര്‍ഗോട്ട് ബിവറേജസ് കടകള്‍ക്കു മുമ്പില്‍ പോലീസ് കാവലുണ്ട്.

ക്യൂവില്‍ അധികം ആളുകള്‍ നില്‍ക്കരുതെന്ന് പോലീസ് ആവര്‍ത്തിച്ചിട്ടും മദ്യം വാങ്ങാതെ പോകാന്‍ ആരും തയ്യാറായില്ല.

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കണമെന്ന വാദവും ഉയരുന്നുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ടാല്‍ നാട്ടില്‍ വ്യാജമദ്യം ഒഴുകുമെന്നാണ് സര്‍ക്കാരിന്റെ വാദം. അത് ഒഴിവാക്കാനാണ് ബെവ്‌കോ അടയ്ക്കാത്തതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്.

Related posts

Leave a Comment