രാഷ്ട്രീയത്തില്‍ നന്ദികേട് ആവാം, പക്ഷേ നെറികേട് ആര്‍ക്കും ഭൂഷണമല്ല ! താങ്കള്‍ പറയുന്നത് കെ എം മാണിയുടെ ആത്മാവ് പോലും പൊറുക്കില്ല; ജോസ് കെ മാണിയ്‌ക്കെതിരേ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍…

എല്‍ഡിഎഫിലേക്ക് കൂടുമാറിയ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണിയ്‌ക്കെതിരേ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍.

കെ എം മാണിയ്‌ക്കെതിരേ നിയമസഭയില്‍ ഇടതുപക്ഷം ആക്രോശിച്ചു കൊണ്ട് പാഞ്ഞടുത്തപ്പോള്‍ രക്ഷാകവചം തീര്‍ത്തത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും എംഎല്‍എമാരായിരുന്നുവെന്നത് ജോസ് കെ മാണി വിസ്മരിച്ചാലും കേരള സമൂഹം വിസ്മരിക്കില്ലെന്ന് കുഴല്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുഴല്‍നാടന്‍ ജോസ് കെ മാണിയെ രൂക്ഷമായി വിമര്‍ശിച്ചത്.

കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ്…

രാഷ്ട്രീയത്തില്‍ നന്ദികേട് ആവാം, പക്ഷേ നെറികേട് ആര്‍ക്കും ഭൂഷണമല്ല..

ബാര്‍ കോഴ വിഷയത്തില്‍ കോണ്‍ഗ്രസ് കെ. എം. മാണിയെ സംരക്ഷിച്ചില്ല എന്നതാണ് മുന്നണി വിടുന്നതിന് ഒരു കാരണമായി ജോസ് കെ. മാണി പറഞ്ഞത്. വന്ദ്യവയോധികനായിരുന്ന അങ്ങയുടെ പിതാവിനു നേരെ നിയമസഭയില്‍ ഇന്നു താങ്കള്‍ കൈകോര്‍ക്കുന്നവര്‍ ആക്രോശവുമായി വേട്ടപ്പട്ടികളെപ്പോലെ പാഞ്ഞടുത്തപ്പോള്‍ രക്ഷാകവചം തീര്‍ത്തത് കൊണ്‍ഗ്രസ്സിന്റെയും യുഡിഫിന്റെയും എം എല്‍ എമാരായിരുന്നു എന്നത് താങ്കള്‍ വിസ്മരിച്ചാലും കേരള സമൂഹം വിസ്മരിക്കില്ല.

അന്നത് രാഷ്ട്രീയ ധാര്‍മികതയുടെയും മുന്നണി മര്യാദയുടെയും പ്രശ്‌നമായിരുന്നു, കോണ്‍ഗ്രസ്സിനെ സംബന്ധിച്ച്. രാഷ്ട്രീയ അഭയത്തിന് വേണ്ടി അവരാണ് ശരിയായ പക്ഷമെന്ന് താങ്കള്‍ പറയുന്നത് കെ. എം. മാണിയുടെ ആത്മാവ് പോലും പൊറുക്കില്ല.

കേരള രാഷ്ട്രീയത്തിലെ വലിയ ഒരു പാരമ്പര്യത്തിന്റെ അന്ത്യകൂദാശയാണ് നടന്നിരിക്കുന്നത്.. കെ എം മാണി എന്ന നേതാവിന്റെ പിന്‍ഗാമിയാവാനുള്ള യോഗ്യത നിങ്ങള്‍ക്കില്ലെന്നു നിങ്ങള്‍ സ്വയം തെളിയിച്ചിരിക്കുന്നു.

കെ. എം. മാണി എന്ന നേതാവിനെ കോഴ മാണി എന്ന് വിളിച്ചാക്ഷേപിച്ച് അദ്ദേഹത്തെ വേട്ടയാടിയവര്‍ക്ക് മുന്നില്‍ സകലതും അടിയറ വയ്ക്കുമ്പോള്‍ ഒന്നോര്‍ക്കുന്നതു നല്ലത്.. കെ എം മാണി എന്ന തന്റെ പിതാവിനെ രാഷ്ട്രീയമായും വ്യക്തിപരമായും ഇത്രയേറെ തളര്‍ത്തിയ ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

അതു തെറ്റായി പോയി എന്ന് ഇടതുപക്ഷം തന്നെ പറഞ്ഞിട്ടും, കെ എം മാണിയോട് മാപ്പ് പറയണം എന്ന് പറയാനുള്ള കരുത്തും തന്റേടവും ഒന്നും ജോസ് കെ മാണി എന്ന നേതാവിനില്ല എന്ന് ഞങ്ങള്‍ക്കറിയാം എന്നാലും കെ എം മാണിയുടെ മകന്‍ എന്ന നിലയ്‌ക്കെങ്കിലും ഒരു വാക്ക് പറയാതിരുന്നത് ആ പിതാവിനോട് ചെയ്ത നെറികേടാണ്. രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി താങ്കള്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ സഹതാപം മാത്രമേ ഉള്ളു..

കോണ്‍ഗ്രസ്സ് നേതാക്കളും പഠിക്കാനുണ്ട്.. പൂര്‍വികര്‍ പറഞ്ഞ ഒരു കാര്യം ഓര്‍ത്ത് പോകുന്നു.. ‘അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തരുത്..’ ഇനിയും അട്ടകള്‍ അതിലെയും ഇതിലെയും നടക്കുന്നുണ്ട്..
കൂടുതല്‍ പറയുന്നില്ല.. അന്നേ പറഞ്ഞിരുന്നു..

https://www.facebook.com/mathewkuzhalnadanofficial/posts/3358711680912408

Related posts

Leave a Comment