ക​ട​ലും കോ​വി​ഡും ക്ഷോ​ഭിച്ചുതന്നെ..!  മീ​ൻ​വി​ല കു​തി​ക്കു​ന്നു; തീൻമേശയിൽ നിന്ന് ചാളയും പുറത്ത്; കിലോയ്ക്ക് 240 രൂപ


ചാ​വ​ക്കാ​ട്: ക​ട​ലേ​റ്റ​വും കോ​വി​ഡും മൂ​ലം മീ​ൻ​വി​ല കു​തി​ക്കു​ന്നു. ന്യൂ​ന​മ​ർ​ദത്തെതു​ട​ർ​ന്ന് ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​നം നി​ല​ച്ച​തും കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ത്സ്യകേ​ന്ദ്രം അ​ട​ച്ച​തും പു​റ​മെ നി​ന്നു​ള്ള മ​ത്സ്യ​ങ്ങ​ളു​ടെ വ​ര​വ് ഭാ​ഗി​ക​മാ​യി നി​ല​ച്ച​തും മ​ത്സ്യ​ക്ഷാ​മം രൂ​ക്ഷ​മാ​ക്കു​ക​യും വി​ല കൂ​ടു​ക​യും ചെ​യ്തു.

അ​യി​ല​യും മ​റ്റു പ​ല മീ​നു​ക​ളും കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണി​പ്പോ​ൾ.
ചാ​ള​യ്ക്ക് 200 മു​ത​ൽ 240 വ​രെ​യാ​ണു വി​ല. കു​ടു​ത​യ്ക്കു 200 മു​ത​ലാ​ണു വി​ല. ക​ഴി​ഞ്ഞ​യാ​ഴ്ച ചാ​ള​യും അ​യി​ല​യും ഉ​ൾ​പ്പ​ടെ ചെ​റു​തും വ​ലു​തു​മാ​യ മീ​നു​ക​ൾ ധാ​രാ​ള​മാ​യി ല​ഭി​ച്ച​പ്പോ​ൾ മീ​നു​ക​ളു​ടെ വി​ല ഇ​ടി​ഞ്ഞി​രു​ന്നു.

വ​ലി​യ അ​യി​ല കി​ലോ​യ്ക്ക് 120, ചെ​റു​ത് 100, ചാ​ള 60 മു​ത​ൽ 100 രൂ​പ വ​രെ, പ​ല​വ​ക മീ​നു​ക​ൾ കി​ലോ​യ്ക്ക് 50 രൂ​പ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പോ​യ ആ​ഴ്ച​യി​ൽ വി​ല.

മ​ത്സ്യം സ​മൃ​ദ്ധ​മാ​യി ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ മു​ന​ക്ക​ക്ക​ട​വി​ൽ ഒ​രു തൊ​ഴി​ലാ​ളി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ അ​ട​ച്ചു. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

മു​ന​ക്ക​ക്ക​ട​വി​ൽ നി​ന്നും മ​ത്സ്യ​ബ​ന്ധ​നം മാ​റ്റി നാ​ട​ൻ വ​ള്ള​ങ്ങ​ളും ഫൈ​ബ​ർ വ​ള്ള​ങ്ങ​ളും ബ്ലാ​ങ്ങാ​ട്, എ​ട​ക്ക​ഴി​യൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ച മ​ത്സ്യ​ബ​ന്ധ​നം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണു ന്യൂ​ന​മ​ർ​ദം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​ത്. ഇ​തോ​ടെ മ​ത്സ്യ​ബ​ന്ധ​നം നി​ല​ച്ചു.

ഇ​തി​നി​ടെ ബ്ലാ​ങ്ങാ​ട് മ​ത്സ്യ​മൊ​ത്ത മാ​ർ​ക്ക​റ്റി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വ​ന്ന​തോ​ടെ പോ​ലീ​സ് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി. ചി​ല​പ്പോ​ഴൊ​ക്കെ പോ​ലീ​സി​നു സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ ലാ​ത്തി വീ​ശേ​ണ്ടി​യും വ​ന്നു. ഇ​തോ​ടെ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി. മ​ത്സ്യ​ത്തി​ന്‍റെ വ​ര​വു കു​റ​ഞ്ഞ​തും വി​ല കൂ​ടാ​ൻ കാ​ര​ണ​മാ​യി.

Related posts

Leave a Comment