കഴിഞ്ഞ ഒന്നര വര്‍ഷമായി ഓഫീസില്‍ ഹാജരായിട്ടില്ല! ആദായനികുതി വകുപ്പ് ജീവനക്കാരന്‍ കോമയിലെന്ന് കരുതി മൃതദേഹം സൂക്ഷിച്ചത് 18 മാസം

ലക്നോ: കഴിഞ്ഞ വര്‍ഷം മരിച്ച ആദായനികുതി വകുപ്പ് ജീവനക്കാരന്‍റെ മൃതദേഹം അദ്ദേഹം കോമയിലാണെന്ന് കരുതി വീട്ടില്‍ സൂക്ഷിച്ചത് 18 മാസം.

ഉത്തർപ്രദേശിലെ കാണ്‍പൂർ റാവത്പൂര്‍ ഏരിയയിലാണ് സംഭവം. ആദായനികുതി വകുപ്പില്‍ ജോലി ചെയ്തിരുന്ന വിംലേഷ് ദീക്ഷിത്തിന്‍റെ മൃതദേഹമാണ് മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ ഇത്തരത്തില്‍ വീട്ടില്‍ സൂക്ഷിച്ചത്.

ഹൃദയ സംബന്ധിയായ അസുഖം മൂലം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് വിംലേഷ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു.

എന്നാല്‍ ഭര്‍ത്താവ് കോമയിലാണെന്ന് വിശ്വസിച്ച വിംലേഷിന്‍റെ ഭാര്യ ഇദ്ദേഹത്തിന്‍റെ മൃതദേഹം അടക്കം ചെയ്യാതെ സൂക്ഷിക്കുകയായിരുന്നു.

കോമയില്‍ നിന്നുണരാനായി എല്ലാ ദിവസവും ഗംഗാ ജലവും അവര്‍ മൃതശരീരത്തില്‍ തളിക്കുമായിരുന്നു.

വിംലേഷിന്‍റെ ഭാര്യ ഓക്സിജന്‍ സിലിണ്ടറുകള്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നത് പലപ്പോഴും കാണാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.

പോലീസുകാരും മജിസ്ട്രേറ്റും ഉള്‍പ്പടെയുള്ള ആരോഗ്യ ഉദ്യോഗസ്ഥരുടെ സംഘം വെള്ളിയാഴ്ച റാവത്പൂര്‍ ഏരിയയിലെ ദീക്ഷിതിന്‍റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

വിംലേഷ് കഴിഞ്ഞ ഒന്നര വര്‍ഷമായി ഓഫീസില്‍ ഹാജരായിട്ടില്ലാത്തതിനാല്‍ പരിശോധിക്കാൻ എത്തിയതായിരുന്നവര്‍.

അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും കോമയിലാണെന്നും വിംലേഷിന്‍റെ ഭാര്യ അവരോട് തറപ്പിച്ചുപറഞ്ഞു. എന്നാല്‍ അഴുകിയ നിലയിലെ മൃതദേഹമാണ് സംഘത്തിനവിടെ കാണാനായത്.

മൃതദേഹം ലാലാ ലജ്പത് റായ് (എല്‍എല്‍ആര്‍) ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Comment