3 മണിക്കൂര്‍ ശ്രമിച്ചിട്ടും ഞരമ്പു കിട്ടിയില്ല!വിഷം കുത്തിവച്ചുള്ള വധശിക്ഷ മാറ്റിവച്ചു

അലബാമ: വധശിക്ഷ നടപ്പാക്കുന്നതിന് ഡെത്ത് ചേംബറില്‍ കിടത്തിയ പ്രതിയുടെ ശരീരത്തില്‍ മാരകമായ വിഷം കുത്തിവെക്കുന്നതിനായി മൂന്നു മണിക്കൂര്‍ പലരും മാറി മാറി ശ്രമിച്ചിട്ടും ഞരമ്പു ലഭിക്കാത്തതിനാല്‍ വധശിക്ഷ മാറ്റിവെച്ചതായി പ്രിസണ്‍ അധികൃതര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 22 വ്യാഴാഴ്ച വൈകീട്ട് അലബാമ പ്രിസണ്‍ ഡെത്ത് ചേംബറില്‍ വെച്ചാണ് അലന്‍ മില്ലറുടെ (57) വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്.

1999-ല്‍ ജോലിസ്ഥലത്ത് നടത്തിയ വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ട കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്.

വ്യാഴാഴ്ച അര്‍ധരാത്രിക്കു മുമ്പ് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ ഞരമ്പു ലഭിക്കുന്നതില്‍ പരാജയപ്പെട്ടതോടെ രാത്രി 11.30-ന് ഇയാളെ ഡെത്ത് ചേംബറില്‍നിന്നു സൗത്ത് അലബാമയിലെ സാധാരണ ജയില്‍ സെല്ലിലേക്ക് മാറ്റി.

പ്രത്യേക സാഹചര്യത്തില്‍ വധശിക്ഷ മാറ്റിവെക്കേണ്ടി വന്നുവെങ്കിലും തീരുമാനങ്ങളില്‍ മാറ്റമില്ലെന്നും കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബാംഗങ്ങള്‍ ഇപ്പോഴും തീവ്രദുഃഖത്തിലാണെന്നും ഗവര്‍ണര്‍ കെ. എൈവി പറഞ്ഞു.

നിരവധി നീതിന്യായ കോടതികള്‍ കയറിയിറങ്ങിയ ഈ കേസില്‍ അവസാനം യു.എസ്. സുപ്രീം കോടതി വധശിക്ഷ ശരിവെക്കുകയായിരുന്നു.

തന്റെ കക്ഷി മൂന്നുമണിക്കൂര്‍ നേരം അതീവ വേദനയിലായിരുന്നുവെന്നും ഈ ക്രൂരതക്കെതിരെ ബന്ധപ്പെട്ടവര്‍ മറുപടി പറയേണ്ടിവരുമെന്നും അറ്റോര്‍ണി പറഞ്ഞു.

Related posts

Leave a Comment