ന്യൂയോർക്ക്: മേജർ ലീഗ് സോക്കർ (എംഎൽഎസ്) ഓൾ സ്റ്റാർ മത്സരത്തിൽനിന്നു വിട്ടുനിന്ന ഇന്റർ മയാമി താരങ്ങളായ ലയണൽ മെസിക്കും ജോർഡി ആൽബയ്ക്കും ലീഗിലെ ഒരു മത്സരത്തിൽ വിലക്ക്.
ഓൾ സ്റ്റാർ ടീമിൽ ഉൾപ്പെടുത്തിയിട്ടും മുൻകൂർ അനുമതി വാങ്ങാതെ ഇരുവരും മത്സരത്തിൽനിന്നു വിട്ടുനിന്നതാണ് വിലക്കിലേക്ക് നയിച്ചത്. ഇതോടെ സിൻസിനാറ്റി എഫ്സിക്കെതിരായ ഇന്റർ മയാമിയുടെ ലീഗ് മത്സരം ഇരുവർക്കും കളിക്കാനാവില്ല.
കഴിഞ്ഞ ദിവസം നടന്ന മേജർ ലീഗ് ഓൾ സ്റ്റാർ ഇലവനും മെക്സിക്കോയിലെ ലിഗ എംഎക്സും തമ്മിലുള്ള മത്സരത്തിൽ ഓൾ സ്റ്റാർ ഇലവന് വേണ്ടി ഇരുവരും കളിച്ചിരുന്നില്ല. മത്സരത്തിൽ 3-1ന് ഓൾ സ്റ്റാർ ഇലവൻ വിജയിച്ചു.
നിരാശാജനകം
തീരുമാനം നിരാശാജനകമെന്ന് ഇന്റർ മയാമി സഹഉടമ ജോർജ് മാസ് പ്രതികരിച്ചു. നടപടിയിൽ മെസി നിരാശനാണ്. ഇരുവരും ശക്തരായി ടീമിനുവേണ്ടി കളിക്കുന്നവരാണ്.
സിൻസിനാറ്റിക്കെതിരായ മത്സരത്തിനായി തയാറെടുപ്പ് നടത്തിയിരുന്നു. ഒരു പ്രദർശന മത്സരത്തിൽ പങ്കെടുത്തില്ല എന്നതിനാൽ ലീഗ് മത്സരത്തിൽ വിലക്ക് നേരിടേണ്ടിവരുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ജോർജ് മാസ് പ്രതികരിച്ചു.
ലീഗിൽ അർജന്റൈൻ സൂപ്പർതാരം ലയണൽ മെസി എംഎൽഎസ് 2025 സീസണിൽ 17 മത്സരത്തിൽനിന്ന് 18 ഗോളുകൾ ഇതിനകം നേടിക്കഴിഞ്ഞു. മേജർ ലീഗ് സോക്കറിന്റെ ഈസ്റ്റേൺ കോൺഫറൻസിൽ 21 മത്സരങ്ങളിൽനിന്ന് 41 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഇന്റർ മയാമി.