രാജ്യത്തിനുവേണ്ടി മെസി ആത്മാര്‍ത്ഥത കാണിക്കുന്നില്ല എന്നത് തെറ്റാണ്! അവന്‍ കരയുന്നതും വിഷമിക്കുന്നതും ഞങ്ങള്‍ കണ്ടിട്ടുണ്ട്; മെസിയ്ക്ക് പിന്തുണയുമായി അമ്മ രംഗത്ത്

അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയ്ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മെസ്സിയുടെ അമ്മ സിലിയ മെസ്സി. അര്‍ജന്റീനയ്ക്കുവേണ്ടി കളിയ്ക്കുമ്പോള്‍ മെസ്സി ഉഴപ്പുന്നുവെന്ന ആരോപണമാണ് മാതാവിനെ വിഷമിപ്പിച്ചിരിക്കുന്നത്.

ഇത്തരം ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നാണ് അമ്മ പറയുന്നത്. ആളുകള്‍ പറഞ്ഞ് പരത്തുന്നത് സത്യമല്ല. അവന്‍ കരയുന്നതും വിഷമിക്കുന്നതും ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും വിഷമമാകില്ലേ’ എന്നാണ് അവര്‍ പറഞ്ഞത്.

ക്ലബ്ബിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന മെസ്സി രാജ്യത്തിനുവേണ്ടി കളിക്കുന്നില്ലെന്ന ആരോപണമാണ് കുടുംബത്തെ വിഷമിപ്പിച്ചിരിക്കുന്നത്. ഇവിടെ കുടുംബം മുഴുവന്‍ അവനെ പിന്തുണയ്ക്കുന്നുണ്ടെന്നും അമ്മ പറഞ്ഞു.

‘അവന്‍ ഈ ലോകകപ്പ് നേടാന്‍ ഞാന്‍ എന്തും നല്‍കാന്‍ തയ്യാറാണ്. ആളുകള്‍ അവനെ സ്നേഹിക്കുന്നുണ്ട്. അതിന് മെസ്സി ഒരുപാട് വിലകല്‍പ്പിക്കുന്നുണ്ട്.’ അവര്‍ പറഞ്ഞു.

‘അവന്‍ ശുഭാപ്തി വിശ്വാസത്തിലാണ്. ടീമിന് ലോകകപ്പ് നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതാണ് അവന്റെ ഏറ്റവും വലിയ ആഗ്രഹവും. ഏറ്റവും നന്നായി അറിയുന്ന കാര്യം ചെയ്യൂവെന്നാണ് ഞാനവനോട് പറഞ്ഞത്. സ്വയം ആസ്വദിക്കാനും. കുടുംബം മുഴുവന്‍ നിനക്കൊപ്പമുണ്ടെന്നും പറഞ്ഞു.’ അവര്‍ പറഞ്ഞു.

ഐസ്ലാന്റിനെതിരായ ആദ്യമത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതിനു പിന്നാലെ മെസ്സി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി മാതാവ് രംഗത്തുവന്നിരിക്കുന്നത്.

Related posts