കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന് വിട നൽകി ജന്മനാട്. സ്കൂളിലെ പൊതുദർശനത്തിനുശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
അനിയൻ സുജിൻ മിഥുന്റെ അന്ത്യകർമ്മങ്ങൾ ചെയ്തു. ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലായിരുന്നു ചടങ്ങുകൾ. വ്യാഴാഴ്ചയാണ് മിഥുന് ഷോക്കേറ്റ് മരിച്ചത്.
ക്ലാസ് തുടങ്ങുന്നതിനു മുമ്പു കൂട്ടുകാരുമായി കളിക്കുന്നതിനിടയിൽ സൈക്കിള്‍ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറുമ്പോൾ വൈദ്യുതലൈനില്‍നിന്നു ഷോക്കേറ്റാണ് മിഥുൻ മരിച്ചത്.
സ്കൂൾ കെട്ടിടത്തോടു ചേർന്നു സൈക്കിൾ വയ്ക്കാനായി ഇരുമ്പുഷീറ്റ് പാകിയ ഷെഡ് നിര്‍മിച്ചിട്ടുണ്ട്. ഈ ഷെഡിന്റെ മുകളിലേക്കു ചെരുപ്പു വീണു. ഇതെടുക്കാനായി കയറിയതായിരുന്നു മിഥുൻ. കാൽ തെന്നി മുകളിലൂടെ പോകുന്ന വൈദ്യുതലൈനിൽ പിടിക്കുമ്പോൾ ഷോക്കേൽക്കുകയായിരുന്നു.
ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്നു മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.