റോഡരുകില്‍ സുഹൃത്തിന്റെ മടിയില്‍ തളര്‍ന്നു വീണ കുടിയേറ്റ തൊഴിലാളിയുടെ ചിത്രം ചര്‍ച്ചയാകുന്നു ! ഈ ചിത്രത്തിനു പിന്നിലെ കഥ അതീവ ദയനീയം…

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളാണ് എങ്ങനെയും സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഇങ്ങനെ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന പലരും യാത്രയ്ക്കിടെ മരണമടയുകയും ചെയ്യുന്നുണ്ട്.

നാട്ടിലേക്കുള്ള മടക്കയാത്രയില്‍ സുഹൃത്തിന്റെ മടിയില്‍ തളര്‍ന്നു വീണു കിടക്കുന്ന കുടിയേറ്റ തൊഴിലാളിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ഉത്തര്‍പ്രദേശിലേയക്കുള്ള മടക്കയാത്രയില്‍ മധ്യപ്രദേശിലെ ശിവപുരി ജില്ലയിലുള്ള റോഡരികിലാണ് കുടിയേറ്റ തൊഴിലാളി തളര്‍ന്നു വീണത്.

നാട്ടിലേയ്ക്ക് മടങ്ങാനുള്ള കുടിയേറ്റ തൊഴിലാളികളുടെ അതിദയനീയതയില്‍ കണ്ണീര്‍ ഒഴുക്കാതിരിക്കാനാകില്ലെന്ന കോടതികളുടെ വാക്കുകള്‍ ഓരോ ദിവസവും അന്വര്‍ത്ഥമാകുന്ന കാഴ്ചയാണ്.

മണിക്കൂറുകള്‍ക്ക് ശേഷം 24കാരനായ യുവാവ് ആശുപത്രിയില്‍വച്ച് മരണപ്പെടുകയും ചെയ്തു. അതിതീവ്ര ചൂടിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് തൊഴിലാളിയുടെ മരണത്തില്‍ അവസാനിച്ചത്.

ഗുജറാത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലേയ്ക്കുള്ള മടക്കയാത്രയില്‍ പെട്ട സംഘത്തിലുള്ള തൊഴിലാളിയായിരുന്നു 24 കാരനായ അമൃത്. ട്രക്കിലായിരുന്നു ഇവരുടെ യാത്ര.

സൂറത്തിലുള്ള ഫാക്ടറിയിലെ ജോലി നഷ്ടമായതിനെ തുടര്‍ന്നാണ് നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ട്രക്കിന്റെ പിറകില്‍ സ്ഥലം ഉറപ്പാക്കാന്‍ നല്‍കേണ്ടി വന്നത് 4,000 രൂപയാണ്.

എന്നാല്‍ യാത്രാമധ്യേ അമൃതിന് അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയതോടെ ശിവ്പുരിയില്‍വച്ച് ട്രക്കില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. അമൃതിന്റെ സുഹൃത്ത് യാക്കൂബും ഇയാള്‍ക്കൊപ്പം അവിടെ ഇറങ്ങി.

ഈ ചിത്രത്തില്‍ റോഡില്‍ കൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ സഹായം കേഴുകയാണ് യാക്കൂബ്. എന്നാല്‍ ആരും സഹായം നല്‍കാന്‍ തയാറായില്ല.

അവിടെയുള്ള പ്രദേശവാസിയാണ് ഈ ചിത്രം പകര്‍ത്തിയത്. ചിത്രം വൈറലായപ്പോഴേക്കും അമൃതിന് മരണം സംഭവിച്ചിരുന്നു.

ഇയാളുടെ കോവിഡ് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും, അത് ലഭിച്ചാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും ശിവ്പുരി സിവില്‍ സര്‍ജന്‍ വ്യക്തമാക്കി.

ഇദ്ദേഹത്തിന്റെ പരിശോധന ഫലം ലഭിക്കാത്തതിനാല്‍ യാക്കൂബും ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. എന്തായാലും മനുഷ്യത്വം മരവിക്കുന്ന കാഴ്ചയാണ് അമൃതിന്റെ മരണത്തില്‍ നാം കാണുന്നത്.

Related posts

Leave a Comment