തലച്ചോറിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കുവാന്‍ മൈന്‍ഡ് ഡയറ്റ്; അറിയാം മൈന്‍ഡ് ഡയറ്റിന്‍റെ ഗുണങ്ങള്‍

ശരീര ഭാരം കുറയ്ക്കാനും കൂട്ടുവാനും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടിയും പലവിധത്തിലുള്ള ഡയറ്റുകൾ ഇപ്പോള്‍ ഉണ്ട്.

ഇഷ്ട ഭക്ഷണങ്ങൾ ഉൾപ്പെടുത്തി തന്നെ ഡയറ്റെടുക്കാമെന്നതാണ് ഇപ്പോഴത്തെ ഡയറ്റുകളുടെ പ്രത്യേകത. എന്നാല്‍ ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങളുള്ള ഡയറ്റാണ് മൈന്‍ഡ് ഡയറ്റ്.

മെഡിറ്ററേനിയന്‍ ഡാഷ് ഡയറ്റ് ഇന്‍റർവെന്‍ഷന്‍ ഫോര്‍ ന്യൂറോഡിജനറേറ്റീവ് ഡിലെ എന്ന ഡയറ്റിന്‍റെ ചുരുക്കപ്പേരാണ് മൈന്‍ഡ് ഡയറ്റ്.

യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‍ററിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഒരു ഹൈബ്രിഡ് ഡയറ്റ് പാറ്റേണാണിത്. ഇത് മെഡിറ്ററേനിയന്‍ ഭക്ഷണക്രമവും ഡാഷ് ഭക്ഷണക്രമവും സംയോജിപ്പിച്ചുള്ളതാണ്. ഇവ രണ്ടും ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടവയാണ്.

മസ്തിഷ്‌കാരോഗ്യത്തിനും അല്‍ഷിമേഴ്‌സ് രോഗം പോലുള്ള ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കുന്നതിനുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേക ഭക്ഷണങ്ങളാണ് മൈന്‍ഡ് ഡയറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ധാന്യങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ഫലങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, കോഴി, മത്സ്യം, ഒലിവ് ഓയില്‍ എന്നിവ പോലുള്ള ഭക്ഷണങ്ങള്‍ ഈ ഡയറ്റില്‍ ഉള്‍പ്പെടുന്നു.

മൈന്‍ഡ് ഡയറ്റ് എടുക്കുന്നത് വഴി അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത 53 ശതമാനംവരെ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഡയറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന പരിപ്പ് ഇലക്കറികള്‍ എന്നിവ പോലുള്ള ആന്‍റിഓക്‌സിഡന്‍റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് മസ്തിഷ്‌ക കോശങ്ങളെ സംരക്ഷിക്കുന്നു.

ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ സാല്‍മണ്‍ പോലുള്ള ഫാറ്റി മത്സ്യങ്ങളുടെ ഉപയോഗം തലച്ചോറിന്‍റെ  ആരോഗ്യം ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കല്‍ എന്നിവയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

മൈന്‍ഡ് ഡയറ്റിന്‍റെ ഭാഗമായി കഴിക്കുന്ന ധാന്യങ്ങളും ഡാര്‍ക്ക് ചോക്കലേറ്റും തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുവാന്‍ സഹായിക്കും.

രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയുന്ന പച്ചക്കറികള്‍ ധാന്യങ്ങള്‍ എന്നിവ പോലുള്ള കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിര്‍ത്തുന്നു. ഇത് മസ്തിഷ്‌ക പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു.

ചീര, വാല്‍നട്ട്, ബ്ലൂബെറി തുടങ്ങിയ ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവിലുള്ള ആന്‍റിഓക്‌സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്ന് സംരക്ഷിക്കുന്നു.

മൈന്‍ഡ് ഡയറ്റില്‍ ഈ ഭക്ഷണങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അനാരോഗ്യകരമായ കൊഴുപ്പ് പരിമിതപ്പെടുത്തുവാന്‍ മൈന്‍ഡ് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു.

ഇത് തലച്ചോറിന്‍റെ ആരോഗ്യത്തെ ഗുണപരമായി ബാധിക്കുന്നു. അമിത ഭാരവും പൊണ്ണത്തടിയും വരാതിരിക്കുവാന്‍ ഈ ഡയറ്റ് സഹായകമാണ്. മൈന്‍ഡ് ഡയറ്റ് പിന്തുടരുന്നത് വഴി മസ്തിഷ്‌ക്കാരോഗ്യത്തോടൊപ്പം ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും സ്വാദീനിക്കുന്നു.

Related posts

Leave a Comment