സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയതോടെ ചൈത്ര തെരേസയെ അപമാനിച്ച് മന്ത്രി എം.എം. മണി അടക്കമുള്ളവര്‍ രംഗത്ത്, ചൈത്ര ബിജെപി അനുഭാവിയെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരണവും ശക്തം

സിപിഎം ഓഫീസ് റെയ്ഡ് ചെയ്തതോടെ ഡിസിപി ചൈത്ര തെരേസ ജോണിനെ അപമാനിച്ച് മന്ത്രി എം.എം. മണി. ചൈത്രയ്ക്കു വിവരക്കേടാണെന്ന് മണി പരിഹസിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടി ഓഫീസുകളില്‍ കയറി നിരങ്ങേണ്ട കാര്യമില്ലെന്നും മണി പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ അടക്കം സിപിഎം അണികള്‍ ചൈത്രയ്‌ക്കെതിരേ അപമാനകരാമായ പ്രചരണങ്ങള്‍ നടത്തുകയാണ്.

അതേസമയം എഡിജിപി മനോജ് എബ്രഹാമാണ് ചൈത്രയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണറിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. അന്വേഷണ റിപ്പോര്‍ട്ടില്‍ ചൈത്രക്കെതിരെ നടപടിയ്ക്ക് ശിപാര്‍ശയില്ല. നടപടി സര്‍ക്കാരിന് വിട്ടുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന ചൈത്ര തേരേസ ജോണ്‍ ഒപ്പമുണ്ടായിരുന്ന മെഡിക്കല്‍ കോളജ് സിഐ എന്നിവരില്‍ നിന്നെല്ലാം ഐജിയുടെ ചുമതല വഹിക്കുന്ന എഡിജിപി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു.

മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം. മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്. ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥയുടെ നിര്‍ദ്ദേശമനുസരിക്കായിരുന്നുവെന്നാണ് മറ്റുള്ളവരുടെ വിശദീകരണം.

പത്തു മിനിറ്റില്‍ താഴെ മാത്രമാണ് മേട്ടുകടയിലുള്ള പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ള വിശദീകരണം. കഴിഞ്ഞ 24ന് രാത്രിയിലായിരുന്നു റെയ്ഡ്. അടുത്ത ദിവസം തന്നെ കോടതിയെ റെയ്ഡ് വിവരങ്ങള്‍ ചൈത്ര അറിയിച്ചിരുന്നു.
നടപടികളെല്ലാം പാലിച്ചുള്ള പരിശോധനയായതിനാല്‍ കടുത്ത നടപടിയൊന്നും ഉദ്യോഗസ്ഥക്കെതിരെ എടുക്കാനാവില്ല. എന്നാല്‍, ചൈത്രക്കെതിരെ കടുത്ത നടപടി വേണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം.

റെയ്ഡ് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായം പ്രകടപ്പിക്കുന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ പോലും യുവ ഉദ്യോഗസ്ഥരുടെ മനോവീര്യം തര്‍ക്കരുതെന്ന രീതിയില്‍ നടപടി പാടില്ലെന്ന് കടുത്ത നിലപാടിലാണ്. ഐപിഎസ് അസോസിയേഷനും ചൈത്രയ്‌ക്കെതിരെ നടപടി ഉണ്ടായാല്‍ എതിര്‍ക്കണമെന്ന നിലപാടിലാണ്.

നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളൊന്നും ചൈത്രയ്‌ക്കെതിരെ ഉണ്ടാകാനിടയില്ല. മേലില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പാര്‍ട്ടി ഓഫീസുകളില്‍ റെയ്ഡു നടത്തരുതെന്ന താക്കീതില്‍ ഒതുക്കി വിവാദം അവസാനിപ്പിക്കാനാണ് സാധ്യത. മുഖ്യമന്ത്രി തന്നെ ചൈത്രയെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.

ചൈത്ര വനിതാ സെല്‍ എസ്പിയുടെ ചുമതലയിലേയ്ക്ക് മടങ്ങി പോയിരുന്നു. അടുത്ത സ്ഥലമാറ്റ ഉത്തരവിറക്കുമ്പോള്‍ അപ്രധാന തസ്തികയിലേയക്ക് മാറ്റി ഒതുക്കുവാനുള്ള സാധ്യതയാണ് കാണുന്നത്.

Related posts