ഗുജറാത്തില്‍ ബിജെപിയുടെ അവസ്ഥ പരിതാപകരമോ! ഒഴിഞ്ഞ കസേരകള്‍ക്ക് മുമ്പില്‍ നിന്ന് ഗുജറാത്തില്‍ മോദിയുടെ പ്രസംഗം; മാധ്യമപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടും വീഡിയോയും വൈറലാവുന്നു

ഒഴിഞ്ഞ കസേരകള്‍ക്ക് മുമ്പില്‍ നിന്നുകൊണ്ട് ഗുജറാത്ത് റാലിയില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. റാലിയില്‍ മോദി സംസാരിക്കവേ സദസിലെ മിക്ക കസേരകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. എബിപി ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ജൈനേന്ദ്രകുമാറാണ് മോദിയുടെ പ്രസംഗത്തിന്റേയും ആളൊഴിഞ്ഞ കസേരകളുടേയും വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

ഗുജറാത്തില്‍ മോദി നയിക്കുന്ന റാലിയില്‍ ആളെക്കൂട്ടാന്‍ പോലും കഴിയാത്ത ബി.ജെ.പി എങ്ങനെയാണ് അസംബ്ലിയിലെ 150 സീറ്റുകള്‍ തികയ്ക്കുകയെന്ന് ചോദിച്ചായിരുന്നു ജൈനേന്ദ്രകുമാര്‍ പോസ്റ്റിട്ടത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ പിടിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ ചോദ്യംചെയ്തുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്.

മോദി സംസാരിക്കവേ വേദിയില്‍ മിക്ക കസേരകളും ഒഴിഞ്ഞുകിടക്കുന്ന വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ വീഡിയോ വൈറലാവുകയായിരുന്നു. 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. അതേസമയം മോദിയുടെ റാലിയില്‍ ജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞത് ബി.ജെ.പിയെയും ഞെട്ടിച്ചു. കര്‍ഷകരും പട്ടേല്‍ വിഭാഗവും തിരികൊളുത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് മോദി ഗുജറാത്തില്‍ എത്തിയത്.

Related posts