രാജസ്ഥാനിലും മധ്യപ്രദേശിലും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് ഉറക്കത്തിലാണ്ടു, കൃത്യമായ പ്ലാനിംഗോടെ ബിജെപി കളത്തിലിറങ്ങിയപ്പോള്‍ വിജയം കണ്ടത് മോദിയുടെ ജനകീയത തന്നെ

നരേന്ദ്ര മോദിയെന്ന നേതാവിന്റെ ജനകീയതയ്ക്ക് ലഭിക്കുന്ന പ്രതികരണമെന്ന് തെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിക്കാം. പ്രതിസന്ധികളില്‍ മുന്നില്‍ നിന്ന് നയിക്കുന്ന നേതാവെന്ന പ്രതിച്ഛായയും അടിത്തട്ടില്‍ സാധാരണക്കാര്‍ക്കായി പ്രഖ്യാപിച്ച പദ്ധതികളുമാണ് മോദിക്കും ബിജെപിക്കും കളംനിറയാന്‍ സഹായിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും രാജസ്ഥാനിലും മധ്യപ്രദേശിലും പോലും എതിരായൊരു ഫലം രാഹുല്‍ ഗാന്ധിക്ക് നേരിടേണ്ടി വന്നത് ഇതിന്റെ തെളിവാണ്.

കഴിഞ്ഞ ഡിസംബറില്‍ മൂന്നു സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചതോടെ കോണ്‍ഗ്രസ് തിരിച്ചുവരവിലാണെന്ന് തോന്നിച്ചു. എന്നാല്‍ ഭരണം കിട്ടിയ രാജസ്ഥാനിലും മധ്യപ്രദേശിലും തൊഴുത്തില്‍ കുത്തുമായി കോണ്‍ഗ്രസ് തമ്മില്‍തല്ലിയതോടെ ബിജെപി പ്രചാരണം ആര്‍എസ്എസ് ഏറ്റെടുത്തു. വീഴ്ച്ചകള്‍ കൃത്യമായി മനസിലാക്കി ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ച് ബിജെപി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. മറുവശത്ത് ട്വിറ്ററില്‍ മാത്രമൊതുങ്ങി രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും പ്രചരണം.

രാജസ്ഥാനിലും മധ്യപ്രദേശിലും നേരിയ മാര്‍ജിനിലാണ് കഴിഞ്ഞ നിയമസഭയില്‍ ബിജെപിക്ക് അധികാരം നഷ്ടമായത്. വോട്ടിംഗ് ഷെയറില്‍ ബിജെപി ആയിരുന്നു താനും മുന്നില്‍. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കടം എഴുതിത്തള്ളല്‍ പാര്‍ട്ടിക്കാരില്‍ മാത്രമൊതുങ്ങിയത് ജനരോക്ഷം വര്‍ധിപ്പിച്ചു. മറുവശത്ത് മോദി പ്രഖ്യാപിച്ച 6,000 രൂപ കൃത്യമായി ആളുകളിലേക്ക് എത്തുകയും ചെയ്തു. ഇതാണ് ഫലത്തില്‍ ബിജെപിക്ക് ഗുണമായതും.

Related posts