മോഹനന്‍ വൈദ്യര്‍ കുഴഞ്ഞു വീണു മരിച്ചു ! മരണാനന്തരം നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റീവ്…

നാട്ടു വൈദ്യ ചികിത്സയിലൂടെയും ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ നിലപാടുകളിലൂടെയും വാര്‍ത്തകളില്‍ വിവാദനായകനായി നിറഞ്ഞു നിന്ന മോഹനന്‍ വൈദ്യര്‍ എന്ന മോഹനന്‍ നായരെ (65) കരമനയിലെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍ 25 വര്‍ഷമായി ചേര്‍ത്തല മതിലകത്താണ് താമസം. രണ്ടു ദിവസം മുന്‍പാണ് കരമനയിലെ ബന്ധുവീട്ടില്‍ എത്തിയത്.

രാവിലെ പനിയും ഛര്‍ദ്ദിയുമുണ്ടായി. കടുത്ത ശ്വാസതടസ്സവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞു വീണപ്പോള്‍ ബന്ധുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു.

ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: ലത, മക്കള്‍: ബിന്ദു, രാജീവ്. മരുമകന്‍: പ്രശാന്ത്.

മരണാനന്തരം നടത്തിയ പരിശോധനയില്‍ വൈദ്യര്‍ കോവിഡ് രോഗബാധിതനാണെന്ന് കണ്ടെത്തുകയായിരുന്നു. മരിക്കുമ്പോള്‍ വീട്ടില്‍ മോഹനന്‍ നായരും മകനും ബന്ധുക്കളുമുണ്ടായിരുന്നു.

മോഹനന്‍ വൈദ്യര്‍ ഇടയ്ക്കിടെ ഇവിടെയെത്തി വൈദ്യചികിത്സ നടത്തിയിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും ഒട്ടേറെ ഇടങ്ങളില്‍ ചികിത്സാലയം നടത്തിയിരുന്ന മോഹനന്‍ വൈദ്യര്‍ കഴിഞ്ഞ വര്‍ഷം കോവിഡ് ചികിത്സ ആരംഭിച്ചത് വന്‍വിവാദത്തിനിടയാക്കിയിരുന്നു.

കോവിഡിനു ഫലപ്രദമായ ചികിത്സയുണ്ടെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്തതിന് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ വരെ ചികിത്സിച്ചിരുന്നു. കോവിഡ് ചികിത്സയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം റിമാന്‍ഡിലായി ജയിലിലും കഴിഞ്ഞു.

Related posts

Leave a Comment