റിമ കല്ലിങ്കലിന്റെ ആ സാരിയില്‍ എഴുതിയിരുന്നതിതാണ്! വിവാദ പ്രസംഗത്തോടൊപ്പം സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകളില്‍ ഇടംപിടിച്ച് കറുത്ത സാരിയില്‍ വെളുത്ത നിറത്തില്‍ ആലേഖനം ചെയ്ത വാചകവും

നടി റിമ കല്ലിങ്കല്‍ ടെഡ്എക്‌സ് ടോക് ഷോയില്‍ സംസാരിച്ച കാര്യങ്ങളാണ് അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ആകമാനം ചര്‍ച്ചയായത്. റിമ കല്ലിങ്കല്‍ പറഞ്ഞ പ്രസംഗത്തിലെ ചില പ്രത്യേക കാര്യങ്ങള്‍ മാത്രമെടുത്ത് ട്രോളന്മാര്‍ കീറിമുറിച്ച് ആഘോഷമാക്കുകയും ചെയ്തിരുന്നു. സിനിമാലോകത്തിനകത്തും പുറത്തുമുള്ള ധാരാളം ആളുകള്‍ റിമയെ പിന്തുണച്ചും പരിഹസിച്ചുമൊക്കെയായി രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പറഞ്ഞ കാര്യങ്ങളേക്കാളേറെ ചിലവിഭാഗം ആളുകളുടെ കണ്ണ് പതിഞ്ഞത് റിമ ഉടുത്തുവന്ന കറുത്ത സാരിയിലാണ്. അതില്‍ വെളുത്ത അക്ഷരങ്ങളില്‍ എഴുതിയിരുന്ന ഒരു വാചകത്തിലാണ്. പലര്‍ക്കും അതെന്താണ് എഴുതിയിരിക്കുന്നതെന്ന് ആദ്യമൊന്നും വ്യക്തമായില്ലെങ്കിലും പിന്നീട് സോഷ്യല്‍മീഡിയ വഴി ചിത്രങ്ങള്‍ എത്തിതുടങ്ങിയപ്പോഴാണ് വാചകങ്ങള്‍ കൃത്യമായി മനസിലായത്. അതിങ്ങനെയായിരുന്നു…

‘ഗെറ്റ് അപ്, സ്റ്റാന്‍ഡ് അപ്, സ്റ്റാന്‍ഡ് അപ് ഫോര്‍ യുവര്‍ റൈറ്റ്‌സ്…'( ഉണരുക, എഴുന്നേല്‍ക്കുക, നിങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി..). റിമ സംസാരിച്ച കാര്യങ്ങളുമായി വളരെ അടുത്തുനില്‍ക്കുന്ന വാചകം. അത് റിമയ്ക്കുവേണ്ടി തയാറാക്കിയതാരെന്നായിരുന്നു പലരുടെയും അടുത്ത സംശയം. റൗക്ക എന്ന ഫാഷന്‍ സ്റ്റോറിലെ ശ്രീജിത്ത് ജീവന്‍ എന്ന ഡിസൈനര്‍ ആണ് ആ മനോഹരമായ സാരിക്ക് പിന്നില്‍. നിങ്ങള്‍ക്കു പറയാനുള്ളതെന്തും സാരികളില്‍ ആലേഖനം ചെയ്യുന്ന സ്‌പെഷല്‍ കസ്റ്റമൈസ്ഡ് കളക്ഷനാണ് ശ്രീജിത്ത് റിമയുടെ സാരിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സാരിയുടുത്ത നില്‍ക്കുന്ന റിമയുടെ ചിത്രം ശ്രീജിത്ത് ട്വിറ്ററില്‍ പങ്കുവച്ചിട്ടുമുണ്ട്.

Related posts