അമ്പലപ്പുഴ: വി.എസിന് ജുബ്ബ തുന്നിയ ഓര്‍മയിൽ മോഹനന്. അച്ഛന് പുന്നപ്ര തെക്ക് പഞ്ചായത്ത് ചില്ലാമഠത്തില് ടി.കെ. ശിവരാജനോടൊപ്പം പറവൂര്‍ ജംഗ്ഷനിലെ മോഹന്‍ ഗാര്‍മെന്‍സില്‍ ചെറുപ്പം മുതല്‍ മോഹനന് തയ്യല്‍ ജോലികള്‍ ചെയ്തിരുന്നു. വി.എസിന്റെ സുഹൃത്തും പുന്നപ്ര വയലാര്‍ സമരത്തിലെ സഹയാത്രികനുമായിരുന്നു ശിവരാജന്.
തയ്യല്‍ക്കടയിലെ സ്ഥിരസന്ദര്‍ശകരായിരുന്നു വിഎസ്, വി.കെ. കരുണാകരന്, അസംബ്ലി പ്രഭാകരന്, എച്ച്.കെ. ചക്രപാണി തുടങ്ങിയവര്‍. വി.എസ് ജുബ്ബയും മുണ്ടുമാണ് ധരിച്ചിരുന്നത്. അദ്ദേഹം അച്ഛനെക്കൊണ്ടാണ് അത് തുന്നിച്ചിരുന്നത്. അച്ഛന് ശരീരിക അവശതകള്‍ നേരിട്ടപ്പോള്‍ താനാണ് പിന്നീട് ജുബ്ബ തുന്നിക്കൊടുത്തിരുന്നതെന്നും മോഹനന് വിതുമ്പലോടെ പറഞ്ഞു.
ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപത്തുണ്ടായിരുന്ന കുഞ്ഞിക്കുട്ടന്റെ തയ്യല്‍ കടയില്‍നിന്നാണ് ശിവരാമന് ജുബ്ബ തയ്യല്‍ പഠിച്ചത്. ടി.വി. തോമസ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ജുബ്ബ തുന്നിയിരുന്നത് കുഞ്ഞിക്കുട്ടനായിരുന്നു. അവിടെനിന്നു 68 ലാണ് ഭാര്യാ സഹോദരന്റെ പറവൂരിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ശിവരാജന് തയ്യല്‍ ജോലി ആരംഭിക്കുന്നത്. അന്നൊക്കെ വസ്ത്രസ്ഥാപനത്തോടൊപ്പം തുന്നല്കടയും ഉണ്ടായിരുന്നു.
കുട്ടിക്കാലം മുതലുള്ള വി.എസുമായുള്ള സൗഹൃദം പിന്നീട് ഇവിടെയും തുടര്‍ന്നിരുന്നു. മുഖ്യമന്ത്രിയാതിനുശേഷവും വി.എസിന് ജുബ്ബ തുന്നിയിരുന്നത് ശിവരാജന്റെ കടയില്‍ തന്നെയായിരുന്നു. തിരുവനന്തപുരത്തായിരുന്നെങ്കിലും തുണികള്‍ കൊടുത്തുവിടും. തുന്നിയശേഷം പറവൂരിലെ വേലിക്കകത്ത് വീട്ടില്‍ കൊടുക്കാന്‍ പോകുന്നതും മോഹനന് ആയിരുന്നു. വി.എസ് പുന്നപ്രയില്‍ എത്തിയതറിഞ്ഞാല്‍ രാത്രിയില്‍ കട അടച്ചതിനുശേഷം ശിവരാജന് തന്നോടൊപ്പം വേലിക്കകത്തെ വീട്ടില്‍ എത്തുമായിരുന്നു. ഏറെ നേരം സൗഹൃദസംഭാഷണം നടത്തിയ ശേഷമാണ് വീട്ടിലേക്കു മടങ്ങിയിരുന്നത്.