ചാരുംമൂട്: കർഷകരുടെ ഉറക്കം കെടുത്തി കാട്ടുപന്നി ശല്യത്തിനു പിന്നാലെ നൂറനാട് മേഖലയിൽ മുള്ളൻപന്നി ശല്യവും വ്യാപകമായി. പന്നിശല്യം കൊണ്ട് പൊറുതിമുട്ടിയ കർഷകരും നാട്ടുകാരും നൊട്ടോട്ടം ഓടുന്നതിനിടയിലാണ് നൂറനാട്-പാലമേൽ പഞ്ചായത്തു പ്രദേശങ്ങളിൽ മുള്ളൻപന്നി ശല്യവും രൂക്ഷമായിരിക്കുന്നത്.
മറ്റപ്പള്ളി, മുതുകാട്ടുകര, തത്തംമുന്ന, ഇടക്കുന്നം ഭാഗങ്ങളിലെ കനാൽ പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ സാന്നിധ്യമുള്ളത്. രാത്രികാലങ്ങളിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന മുള്ളൻപന്നികളെ തെരുവുനായ്ക്കൾ കൂട്ടം കൂടി ആക്രമിക്കുന്നതും പതിവായി. മുള്ള് നായ്ക്കളുടെ ശരീരത്തിലേക്ക് ആഴത്തിൽ ഇറക്കിയാണ് മുള്ളൻപന്നികൾ രക്ഷപ്പെടുന്നത്.
കഴിഞ്ഞദിവസം ഇടക്കുന്നം സ്വദേശി വി. രാജേന്ദ്രന്റെ വീടിനു മുന്നിൽ മുള്ള് ആഴത്തിൽ തറച്ചുകയറിയ തെരുവുനായയെ അവശനിലയിൽ കണ്ടെത്തി. മാവേലിക്കര സ്വദേശിയും മൃഗസംരക്ഷകനുമായ ദീപുവിനെ വിവരം അറിയിച്ചതിനെത്തുടർന്ന് അദ്ദേഹം സ്ഥലത്തെത്തി നായയെ രക്ഷപ്പെടുത്തി.
ഏതാനും ദിവസം മുമ്പ് സമാനമായ സംഭവം ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിനു മുന്നിലെ ആലിന് സമീപം നടന്നതായി ദീപു പറഞ്ഞു. കാട്ടുപന്നികളും തെരുവുനായ്ക്കളും മനുഷ്യർക്ക് ഉപദ്രവകാരികളായി മാറിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ലാതെ ജനം വലയുമ്പോഴാണ് മുള്ളൻപന്നികളും നാട്ടിൽ ശല്യമായി തീരുന്നത്. കാടുപിടിച്ച കെഐപി കനാലുകളാണ് ഇവയുടെയെല്ലാം താവളമെന്നാണ് നാട്ടുകാർ പറയുന്നത്.