സ്‌റ്റേഷനില്‍ എത്തിയ പോലീസുകാര്‍ കണ്ടത് അപ്രതീക്ഷിത സമ്മാനപ്പൊതി! മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് മുംബൈയിലെ മുഴുവന്‍ പോലീസുകാര്‍ക്കും സര്‍പ്രൈസ് സമ്മാനവുമായി മുകേഷ് അംബാനി

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. വിവാഹ നിശ്ചയം മുതല്‍ വിവാഹത്തിന്റെ ക്ഷണക്കത്തും വിവാഹ ദിവസത്തിലെ വമ്പന്‍ താരസാന്നിധ്യവുമെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയും കുടുംബവും ചെയ്ത മറ്റൊരു പ്രവര്‍ത്തികൂടി വാര്‍ത്തയായിരിക്കുന്നു.

മകന്റെ വിവാഹം പ്രമാണിച്ച് മുംബൈയിലെ പോലീസുകാര്‍ക്ക് സര്‍പ്രൈസ് സമ്മാനമാണ് മുകേഷ് അംബാനി നല്‍കിയത്. മകന്‍ ആകാശിന്റെ വിവാഹം പ്രമാണിച്ചു മധുരപലഹാരങ്ങള്‍ നിറച്ച 50,000 പെട്ടികളാണു പോലീസ് സ്റ്റേഷനുകളില്‍ അംബാനി എത്തിച്ചത്.

മുംബൈയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും മധുരപലഹാരങ്ങള്‍ എത്തിയെന്നു ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ”പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ മധുരപലഹാരങ്ങള്‍ നിറച്ച ഒരു പെട്ടി ലഭിച്ചു. അന്വേഷിച്ചപ്പോള്‍ മകന്റെ വിവാഹത്തിനോട് അനുബന്ധിച്ച് അംബാനി കുടുംബം സമ്മാനിച്ചതാണെന്ന് അറിയാന്‍ കഴിഞ്ഞു” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോടു പറഞ്ഞു.

”ആകാശും ശ്ലോകയും വിവാഹിതരാകുന്ന ഈ സന്തോഷകരമായ അവസരത്തില്‍ നിങ്ങളുടെ ആശംസകളും അനുഗ്രഹങ്ങളും അഭ്യര്‍ഥിക്കുന്നു” എന്ന കുറിപ്പിനൊപ്പം നിത അംബാനി മുകേഷ് അംബാനി, മക്കളായ ഇഷ, അനന്ദ്, മരുമകന്‍ ആനന്ദ് എന്നിവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് 9 ന് ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്ററിലായിരുന്നു ആകാശ് അംബാനിശ്ലോക മേത്ത വിവാഹം. റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മൂന്നു മക്കളില്‍ ഇളയവളാണു ശ്ലോക. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവില്‍ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാണ്.

Related posts