പോത്താനിക്കാട്: കാളിയാർ പുഴയിൽ ഇന്നലെ വീണ്ടും മുതലയെ കണ്ടു. പൈങ്ങോട്ടൂർ, കല്ലൂർക്കാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുളപ്പുറം പാലത്തിന് സമീപമുളള ചെക്ക് ഡാമിന്റെ പരിസരത്താണ് ഇന്നലെ നാട്ടുകാർ മുതലയെ കണ്ടത്.
ഉണങ്ങിയ തടി ചെക്ക് ഡാമിൽ പൊങ്ങിക്കിടക്കുന്നതായിട്ടാണ് ആദ്യനോട്ടത്തിൽ തോന്നിയത്. അടുത്ത് ചെന്ന് പരിശോധിച്ചപ്പോഴാണ് മുതലയാണെന്ന് മനസിലായത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു മുള്ളരിങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.പി. റോയിയുടെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലം സന്ദർശിച്ച് നിരീക്ഷണം നടത്തി.
പുഴയിൽ ഇറങ്ങുന്നവരും തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം 27നും കഴിഞ്ഞ വെള്ളിയാഴ്ചയും കാളിയാർ പുഴയിൽ കാരിമറ്റം കക്കുറിഞ്ഞി കടവിനു സമീപം മുതലയെ കണ്ടിരുന്നു. മുതലയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്.