പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദിനെ പാക്കിസ്ഥാന്‍ ഇന്ത്യയില്‍ തിരികെ എത്തിക്കുക തന്നെ ചെയ്യും! കാരണമിത്

അതിര്‍ത്തിയിലെ ഏറ്റു മുട്ടലിനിടെ അഭിനന്ദന്‍ എന്ന പൈലറ്റ്-വിംഗ് കമാന്‍ഡറെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുക്കുകയുണ്ടായി. അതിനുള്ള തെളിവുകള്‍ അവര്‍ വീഡിയോയിലൂടെ പുറത്ത് വിടുകയും ചെയ്തു. എങ്കിലും ഉപദ്രവം ഏല്‍പ്പിക്കാതെ അഭിനന്ദിനെ ഇന്ത്യയ്ക്ക് തിരിച്ച് നല്‍കാതിരിക്കാന്‍ പാക്കിസ്ഥാന് സാധിക്കില്ല. ജനീവ കണ്‍വെന്‍ഷന്‍ പ്രകാരമാണിത്.

യുദ്ധസമയത്ത് തടവിലാക്കപ്പെടുന്നവരെ കൈകാര്യം ചെയ്യേണ്ട വിധത്തെക്കുറിച്ചാണ് അതില്‍ പറയുന്നത്. ഇതുകൊണ്ട് തന്നെ പാക്കിസ്ഥാന് യുദ്ധ തടവുകാരനെ തിരിച്ച് നല്‍കേണ്ടതായും അദ്ദേഹത്തോട് മനുഷ്യത്വ വിരുദ്ധമായ രീതിയില്‍ പെരുമാറോനോ സാധിക്കില്ല.

1999 ല്‍ കാര്‍ഗില്‍ യുദ്ധത്തിനിടയില്‍ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് കെ. നചികേതയെ പാക്കിസ്ഥാന്‍ തടവിലാക്കിയിരുന്നു. ജെറ്റിനുണ്ടായ തകരാറുമൂലം അദ്ദേഹം സഞ്ചരിച്ചിരുന്ന മിഗ് 27 വിമാനം നിര്‍ഭാഗ്യവശാല്‍ വഴി മാറുകയും തത്ഫലമായി പാക് കെണിയില്‍ പെടുകയുമായിരുന്നു.

എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ നിര്‍ണായക നീക്കങ്ങളുടെ ഫലമായി നചികേതയെ പാക്കിസ്ഥാന്‍ തന്നെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. ഇന്ത്യയെ അപമാനിക്കാന്‍ പലവിധ ശ്രമങ്ങള്‍ പാക്കിസ്ഥാന്‍ നചികേതയെ ഉപയോഗിച്ച് നടത്തിയെങ്കിലും ഇന്ത്യ അതിന് നിന്നു കൊടുത്തില്ല.

കാര്‍ഗില്‍ യുദ്ധത്തിന്റെ സമയത്ത് നചികേത പാക്കിസ്ഥാന്റെ കസ്റ്റഡിയിലായപ്പോള്‍ പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫീസില്‍ നിന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ജി. പാര്‍ത്ഥസാരധിക്ക് ഒരു കോള്‍ വന്നു. പാക്കിസ്ഥാനിലെത്തി പൈലറ്റിനെ കൊണ്ടുപൊയ്‌ക്കൊള്ളാനായിരുന്നു അറിയിപ്പ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പൈലറ്റിനെ മോചിപ്പിക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു. പാക്കിസ്ഥാന്‍ മേധാവികള്‍ പ്രസ് കോണ്‍ഫറന്‍സ് നടത്തുന്ന സ്ഥലത്ത് തന്നെയായിരുന്നു അവരുടെ വിദേശകാര്യ ഓഫീസ്.

എന്നാല്‍ തങ്ങളെ അപമാനിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമമാണിതെന്ന് മനസിലാക്കി പാര്‍ത്ഥസാരഥി അക്കാര്യം അവഗണിക്കുകയായിരുന്നു. മറ്റൊരു കാരണമായി അദ്ദേഹം പറഞ്ഞത്, ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം പാക്കിസ്ഥാനാണ് തടവുകാരനെ തിരിച്ചെത്തിക്കേണ്ടതെന്നാണ്. തങ്ങളുടെ കളികള്‍ ഇന്ത്യ മനസിലാക്കിയെന്നറിഞ്ഞ പാക്കിസ്ഥാന്‍ അന്ന് വൈകിട്ട് തന്നെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് നചികേതിനെ വിട്ടുകൊടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴും അധികാരികള്‍ പറയുന്നത് ഒരേയൊരു കാര്യമാണ്. വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ പാക്കിസ്ഥാന്‍ തിരിച്ചെത്തിക്കുക തന്നെ ചെയ്യും. ഇന്ത്യയുടെ ഭാഗത്തു നിന്ന് അതിനുള്ള നീക്കങ്ങള്‍ ശക്തവുമാണ്.

Related posts