കൊച്ചി: എറണാകുളം നെട്ടൂരില്‍ 10 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കു നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ രക്ഷപ്പെട്ട യുവാവിന്റെ വാഹനം കേന്ദ്രീകരിച്ച് പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.
വൈകിട്ട് ട്യൂഷന് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
കുട്ടികള്‍ പോകുന്നിടത്തുനിന്ന് കുറച്ചു മാറി ഇരുചക്ര വാഹനം നിര്‍ത്തിയ ശേഷം ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുന്നതും പിന്നീട് സ്കൂട്ടര്‍ എടുത്തു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ വാഹനം കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.