കോഴിക്കോട്- പാലക്കാട് ദേശീയപാതയിലെ കനാല്‍പ്പാലങ്ങള്‍ അപകടഭീഷണി

pkd-pathaതച്ചമ്പാറ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ  കനാല്‍ പാലങ്ങള്‍ അപകടഭീഷണിയായി. മണ്ണാര്‍ക്കാട് മുതല്‍ കല്ലടിക്കോടുവരെയുള്ള കനാല്‍പാലങ്ങളാണ് ഭീതിപരത്തുന്നത്. കാലപ്പഴക്കവും നിര്‍മാണത്തിലെ അശാസ്ത്രീയതയുംമൂലം പൊന്നംകോട്, ഇടക്കുറിശി, കല്ലടിക്കോട് എന്നിവിടങ്ങളിലെ പാലങ്ങള്‍ അപകടാവസ്ഥ യിലാണ്.കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായി മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പാണ് കനാല്‍പാലം നിര്‍മിച്ചത്.

തുടര്‍ന്ന് നാളിതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ പാത ദേശീയപാതയായി ഉയരുകയായിരുന്നു. എന്നാല്‍ കനാല്‍പാലങ്ങള്‍ ഒന്നും പുനര്‍നിര്‍മിച്ചില്ല. നിലവില്‍ ദേശീയപാതയേക്കാള്‍ വീതികുറഞ്ഞാണ് പൊന്നങ്കോട്, ഇടക്കുറിശി, കല്ലടിക്കോട് കനാല്‍പാലങ്ങള്‍. ഇടുങ്ങിയ പാലം ദേശീയപാതയില്‍ വാഹനങ്ങള്‍ക്കു ഭീഷണിയാകുകയാണ്. പൊന്നംകോട് കനാല്‍പാലം ഏതാനുംമാസങ്ങള്‍ക്കുമുമ്പു തകര്‍ച്ചയിലാണെന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് പാളി ഇളകിവീണിരുന്നു. എന്നിട്ടും അധികൃതര്‍ അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. കനാല്‍ പാലത്തിനരികില്‍ ഇടുങ്ങിയ പാലമെന്ന ബോര്‍ഡുപോലും അധികൃതര്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല.പാലംതകര്‍ന്നാല്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും മുടങ്ങും. പാതയിലെ ചെറിയ കള്‍വര്‍ട്ട് തകര്‍ന്നാല്‍പോലും ഉടനേ പുതുക്കിപണിയുന്ന ദേശീയപാത പൊതുമരാമത്ത് വിഭാഗം ഇതുമാത്രം കാണുന്നില്ല. പകരം റോഡുമുഴുവന്‍ ഇറിഗേഷന്‍ വകുപ്പിനു കൈമാറുകയാണ്.

ഇരുവകുപ്പുകള്‍ തമ്മിമുള്ള തമ്മിലടി കാരണം പൊതുജനങ്ങളും യാത്രക്കാരുമാണ് വലയുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇടക്കുറിശി കനാല്‍ പാലത്തില്‍ കാറപകടത്തില്‍ മരണം നടന്നിരുന്നു.  ഇരുവശത്തുനിന്നും വാഹനങ്ങള്‍ ഒന്നിച്ചു കയറിപ്പോഴായിരുന്നു അപകടമുണ്ടാക്കിയത്. അന്നുതന്നെ കനാല്‍പാലങ്ങള്‍ വീതികൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

കോടിക്കണക്കിനു രൂപ ദേശീയപാത വികസനത്തിനായി ചെലവഴിക്കുമ്പോള്‍ ഇതില്‍ ഉള്‍പ്പെടുത്തി കനാല്‍പാലങ്ങളും വീതികൂട്ടി നവീകരിക്കാനാകും. 250 കോടി രൂപ ചെലവില്‍ നാട്ടുകല്‍-ഒലവക്കോട് ആധുനിക ദേശീയപാത ഒരുങ്ങുമ്പോഴും ഈ പദ്ധതി കാണാതെ പോകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഈ പദ്ധതിയിലെങ്കിലും കനാല്‍പാലങ്ങളുടെ നവീകരണം ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

Related posts