പുരയിടത്തിലെ അഞ്ചുസെന്റില്‍ പൊന്നുവിളയിച്ച് കര്‍ഷകത്തൊഴിലാളിയായ ഗോപാലകൃഷ്ണനും കുടുംബവും

pkd-krishiവലപ്പാട്: കൈവശമുള്ള ഏക്കറുകണക്കിനു ഭൂമി തരിശിട്ട് കരനെല്‍കൃഷിയെ പാഴ്പണിയെന്നു വിമര്‍ശിക്കുന്നവരേ… മനം നിറയെ കണ്ടോളൂ, കര്‍ഷകത്തൊഴിലാളി നാരായണത്ത് ഗോപാലകൃഷ്ണന്റെ പൊന്നണിഞ്ഞ നെല്‍കതിരുകള്‍.

ആകെയുള്ള ഏഴു സെന്റ് പുരയിടത്തിലെ അഞ്ചു സെന്റിലും കരനെല്‍കൃഷി വിളഞ്ഞുനില്‍ക്കുകയാണ്. പറമ്പിലുണ്ടായിരുന്ന ചേമ്പും ചേനയും വാഴയും കാച്ചിലുമൊക്കെ പറിച്ചുമാറ്റി നെല്‍കൃഷിക്കായി നിലമൊരുക്കുമ്പോള്‍ ഭ്രാന്തെന്നും പാഴ്പണിയെന്നും പലരും വിമര്‍ശിച്ചു. കൃഷിവകുപ്പും ഗാന്ധിതീരം ഫൗണ്ടേഷനും കൈത്താങ്ങു നല്‍കിയപ്പോള്‍ മണ്ണറിഞ്ഞ കര്‍ഷകത്തൊഴിലാളിയുടെ കാര്‍ഷിക സ്വപ്‌നങ്ങള്‍ കതിരണിയുകയായിരുന്നു.

വലപ്പാട് ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡിലാണ് ഗോപാലകൃഷ്ണന്റെ പുരയിടം. നെല്‍കൃഷിയോടുള്ള താത്പര്യവും മണപ്പുറത്തെ വട്ടന്‍നിലങ്ങളില്‍ പണിയെടുത്ത ബാല്യകാല ഓര്‍മകളുമാണ് സ്വന്തം പുരയിടത്തില്‍  നെല്‍കൃഷിയൊരുക്കാന്‍ ഗോപാലകൃഷ്ണനെ പ്രേരിപ്പിച്ചത്. വിളവെടുപ്പിനുശേഷം നാട്ടുകാരെയും ജനപ്രതിനിധികളെയും ക്ഷണിച്ച് ‘കഞ്ഞിവിഴ്ത്ത്’ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്‍.എസ്. ഗോപാലകൃഷ്ണന്‍.

Related posts