ഉടന്‍ തന്നെ തൂങ്ങി മരിക്ക് പ്രതിയുടെ ഫോണില്‍ റെക്കോര്‍ഡായ കോള്‍ കുടുക്കി; യുവതിയുടെ മരണം; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച കേസില്‍ നിരവധി കേസുകളിലെ പ്രതിയായ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടമ്പേരൂര്‍ കരിയില്‍ രവിയുടെ മകള്‍ വന്ദന(ആതിര-22)യുടെ മരണവുമായി ബന്ധപ്പെട്ടാണ് കരിയില്‍ കളത്തില്‍ എസ്.സുരേഷ്‌കുമാറിനെ(36)യാണ് എസ്.എച്ച്.ഒ: എസ്.വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ 13 ന് രാത്രി 11 മണിയോടെയാണ് വന്ദനയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അന്ന് സന്ധ്യയോടെ വന്ദനയുടെ മാതാപിതാക്കള്‍ ശിവരാത്രി ഉത്സവം കാണാനായി സമീപത്തെ ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഇവര്‍ മടങ്ങിയെത്തിയ ശേഷമാണ് മകള്‍ കിടപ്പുമുറിയിലേക്ക് കയറിപ്പോയത്. അല്‍പസമയത്തിനുള്ളില്‍ തൂങ്ങി മരിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പ്രതിയായ സുരേഷിന്റെ വാഹനത്തില്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ മരണത്തില്‍ സുരേഷിന് പങ്കുണ്ടെന്ന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഈ ദിവസം പത്തിലേറെ തവണ യുവതിയെ ഫോണില്‍ വിളിച്ചതായി കണ്ടെത്തി. മരിക്കുന്നതിന് തൊട്ടു മുമ്പും ഇയാള്‍ വന്ദനയെ വിളിച്ചിരുന്നു. ഈ കോളുകള്‍ പ്രതിയുടെ ഫോണില്‍ റെക്കോര്‍ഡായിരുന്നു. ഉടന്‍തന്നെ തൂങ്ങി മരിക്കാനായിരുന്നു ഇയാള്‍ യുവതിയോട് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഫോണ്‍ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.

Related posts