വീണ്ടും ലോകരാജ്യങ്ങളെ ഭീതിയുടെ മുള്‍മുനയിലാക്കാന്‍ ചൈന ! ഒരേ സമയം 16 മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള കില്ലര്‍ ഡ്രോണുകളുമായി രംഗത്ത്; ഡ്രോണുകളുടെ സവിശേഷതകള്‍ ഇങ്ങനെ…

ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ പോകുന്ന ഡ്രോണുകളുമായി ചൈന രംഗത്ത്. ഒരേ സമയം 16 മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഇത്തരം ഡ്രോണുകള്‍ 6,000 മീറ്റര്‍ (19685 അടി) ഉയരത്തില്‍ നിന്നു പോലും ലക്ഷ്യത്തിലെത്താനുള്ള കഴിവുണ്ടെന്നാണ് ചൈന അവകാശപ്പെടുന്നത്.ഈയിടെ ചൈന തന്നെ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലാണ് സിഎച്ച്-5 എന്ന് പേരിട്ടിരിക്കുന്ന് ഈ കില്ലര്‍ ഡ്രോണിന്റെ വിവരങ്ങളുള്ളത്. ഭൂമിയില്‍ ചലിക്കുന്നതും അല്ലാത്തതുമായ ലക്ഷ്യങ്ങളെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ചൈനയിലെ സുഹായില്‍ നടക്കാനിരിക്കുന്ന വമ്പന്‍ എയര്‍ഷോക്ക് മുന്നോടിയായാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നവംബര്‍ ആറ് മുതല്‍ 11 വരെയാണ് എയര്‍ഷോ നടക്കുക. അതേസമയം മെയ് മാസത്തില്‍ ടിബറ്റന്‍ പ്രദേശത്തു നിന്നാണ് പരീക്ഷണ പറക്കല്‍ നടത്തിയതെന്നും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 3500 മീറ്റര്‍(11482 അടി) ഉയരത്തിലുള്ള വിമാനത്താവളത്തില്‍ നിന്നാണ് സിഎച്ച്- 5 ഡ്രോണ്‍ പറന്നുയര്‍ന്നത്. ചൈന അക്കാദമി ഓഫ് എയ്‌റോസ്പേസ് എയ്‌റോഡൈനാമിക്സാണ് ഈ കൊലയാളി ഡ്രോണ്‍ നിര്‍മിച്ചത്.

സിഎച്ച് 5 ഡ്രോണുകള്‍ വന്‍തോതില്‍ നിര്‍മിക്കാന്‍ ചൈന പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ചിറകുകളുടെയടക്കം 21 മീറ്റര്‍ വീതിയുള്ള ഈ ഡ്രോണിന് 3300 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. റഡാറുകളുപയോഗിച്ച് ആകാശത്തു നിന്നും നിരീക്ഷണം നടത്താനും ഡ്രോണുകള്‍ക്കാകും. ഒരിക്കല്‍ ഇന്ധനം നിറച്ചാല്‍ 60 മണിക്കൂര്‍ വരെ നിര്‍ത്താതെ പറക്കാന്‍ ഇവയ്ക്കാവും. പരമാവധി 7.99 കിലോമീറ്റര്‍ (26246 അടി) ഉയരത്തിലും പതിനായിരം കിലോമീറ്റര്‍ അകലത്തിലും സിഎച്ച് 5 ഡ്രോണുകള്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുണ്ട്. ലോകരാജ്യങ്ങളെ ആകെ ആശങ്കയിലാക്കുന്ന നീക്കമാണ് ചൈനീസ് സര്‍ക്കാര്‍ നടത്തുന്നത് എന്നാണ് വിവരം.

Related posts