സഹായത്തിന് 100, 9497990111..! പുതുവത്സരാഘോഷം അതിരുവിട്ടാല്‍ പോലീസിന്റെ പിടിവീഴും

KNR-NEWYEARകോഴിക്കോട്: പുതുവത്സരാഘോഷത്തിന്റെ മറവില്‍ നഗരത്തില്‍ അഴിഞ്ഞാടാന്‍ എത്തുന്നവരെ ഉടനടി പിടികൂടാന്‍ സര്‍വ സന്നാഹങ്ങളുമായി പോലീസ് ഒരുങ്ങി. സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റയുടെ നേതൃത്വത്തില്‍ നഗരത്തിലെ മുഴുവന്‍ അസി.കമ്മീഷണര്‍മാരെയും, ഡിവൈഎസ്പിമാരെയും, സിഐമാരെയും ഉള്‍പ്പെടുത്തി സ്ക്വാഡുകള്‍ രൂപീകരിച്ചാണ് പോലീസിന്റെ തയാറെടുപ്പ്. ഏറ്റവും കൂടുതല്‍ ആഘോഷം നടക്കുന്നത് ബീച്ച് മേഖലയിലായതിനാല്‍  അവിടമാകെ പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യൂണിഫോമിലും, മഫ്തിയിലും ആവശ്യത്തിന്  പോലീസുകാരെ എല്ലാ പ്രധാന ഇടങ്ങളിലും നിയോഗിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ബീച്ചിലേക്ക് ഇന്ന് വൈകുന്നേരം മുതല്‍ യാതൊരുവിധ വാഹനവും കടത്തിവിടില്ല.

മദ്യപിച്ച് വാഹനമോാടിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക സ്ക്വാഡിനെ ചുമതലപ്പെടുത്തി. പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടിക്കു പുറമെ ഇത്തരക്കാരെ പിറ്റേന്നുവരെ കസ്റ്റഡിയില്‍ സൂക്ഷിക്കും. ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം പേര്‍ യാത്ര ചെയ്താല്‍ വാഹനം പിടിച്ചെടുക്കും. പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടാല്‍ നമ്പര്‍ നോക്കി വാഹനം പിന്നീട് പിടികൂടും. ഇത്തരം വാഹനങ്ങള്‍ കോടതി മുഖേനയെ വിട്ടുകിട്ടൂ.ബാര്‍ ഹോട്ടലുകള്‍, മദ്യം വിളമ്പുന്ന ഹോട്ടലുകള്‍, ക്ലബുകള്‍, ബിയര്‍ പാര്‍ലറുകള്‍, ഹോസ്റ്റലുകള്‍, മറ്റു ഹോട്ടലുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, ഫഌറ്റുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ തുടങ്ങിയ ഇടങ്ങള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

ഇവയ്ക്കു മുന്നില്‍ പോലീസ് പരിശോധനയും ഉണ്ടാകും. ഇരുചക്രവാഹനങ്ങളില്‍ ചുറ്റിക്കറങ്ങി ആശംസ നേരുന്നതിനും നിയന്ത്രണമുണ്ട്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുംവിധം ശബ്ദം പുറപ്പെടുവിക്കുകയാ, സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുകയോ, വാഹനങ്ങളിലെ സ്റ്റീരിയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്താല്‍ നടപടി നേരിടേണ്ടിവരും. മതിയായ വെളിച്ചത്തില്‍ മാത്രമേ ആഘോഷം നടത്താന്‍ അനുവാദമുള്ളൂ. വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനായി രണ്ട് ട്രാഫിക് അസി. കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പോലീസ് സുസജ്ജമായിരിക്കും. ജംഗ്ഷനുകളിലും മറ്റും എല്ലാ വാഹനവും പരിശോധിക്കാനാണ് കമ്മീഷണറുടെ നിര്‍ദേശം. പുതുവത്സര പിറവിയുടെ മറവില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

നഗരം മുഴുവന്‍ പോലീസിന്റെ നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതിനായി എല്ലാ സിസിടിവി കാമറകളും ഇന്നലെയോടെ പ്രവര്‍ത്തനസജ്ജമാക്കി. എന്തെങ്കിലും ക്രമസമാധാന പ്രശ്‌നമോ, ശല്ല്യമോ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ സിറ്റി പോലീസ് കണ്‍ട്രോള്‍ റുമിലോ- 100, 2721831, കണ്‍ട്രോള്‍ റൂം അസി. കമ്മീഷണറെയോ- 949799011 അറിയിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. സൗത്- നോര്‍ത് അസി.കമ്മീഷണര്‍മാരോടും പരാതിപ്പെടാവുന്നതാണ്. നമ്പര്‍- 9497990114, 9497990115.

Related posts