കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകന്‍, നന്മയുള്ളവര്‍ക്ക് മാത്രം കഴിയുന്ന ഒന്ന് ! ഉത്തര്‍പ്രദേശിലെ വേറിട്ട ഒരു പോലീസുകാരനെക്കുറിച്ച്…

മറ്റുള്ളവരുടെ മനസില്‍ ഇടംപിടിക്കുക എന്നത് നന്മയുള്ളവര്‍ക്ക് മാത്രം കഴിയുന്ന ഒന്നാണ്. ഇത്തരത്തിൽ കുട്ടികളുടെ ഹൃദയത്തെ തൊടാറുള്ളത് മിക്കവാറും അവരുടെ അധ്യാപകരായിരിക്കും.

അത്തരത്തിലൊരു അധ്യാപകനെക്കുറിച്ചാണിത്. എന്നാലിദ്ദേഹം അധ്യാപകന്‍ മാത്രമല്ല ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയാണ്.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ സര്‍ക്കാര്‍ റയില്‍വേ പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിളായ രോഹിത് കുമാര്‍ യാദവാണ് ഈ വേറിട്ട അധ്യാപകന്‍.

റയില്‍വേയിലെ തന്‍റെ ജോലിക്ക് ശേഷം പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന ഇദ്ദേഹം അവരുടെ പ്രിയപ്പെട്ട പോലീസ് ടീച്ചറായിരുന്നു.

2018 സെപ്റ്റംബര്‍ മുതല്‍ ഡ്യൂട്ടി സമയം കഴിഞ്ഞ് സിക്കന്ദ്രപൂര്‍ കര്‍ണ്‍ ബ്ലോക്കിലെ 125 കുട്ടികളെ പഠിപ്പിച്ചു വരികയായിരുന്നു രോഹിത്.

കൊരാരി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ ഭിക്ഷാടനം നടത്തുന്ന ദരിദ്രകുടുംബങ്ങളിലെ കുട്ടികളെയാണ് ഇദ്ദേഹം ഇത്തരത്തില്‍ പഠിപ്പിച്ചിരുന്നത്.

ഇതിനായി “ഹര്‍ ഹാത്ത് മേ കലാം പാഠശാല’ എന്നൊരു ഓപ്പണ്‍ വിദ്യാലയവും അദ്ദേഹം തുടങ്ങിയിരുന്നു. കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളും മറ്റും സ്വന്തം ശമ്പളത്തില്‍ നിന്നെടുത്താണ് ഇദ്ദേഹം വാങ്ങിയിരുന്നത്.

1986ല്‍ ഇറ്റാവയിലെ തങ്ങളുടെ ജന്മഗ്രാമമായ മുദൈനയില്‍ പാവപ്പെട്ട കര്‍ഷകരുടെ മക്കള്‍ക്കായി സ്കൂള്‍ തുറന്ന പിതാവ് ചന്ദ്രപ്രകാശ് യാദവിന്‍റെ പാതയാണ് താന്‍ പിന്തുടരുന്നതെന്നണ് രോഹിത് കുമാര്‍ പറയുന്നത്.

എന്നാല്‍ രോഹിത്തിനിപ്പോള്‍ ഉന്നാവോയില്‍ നിന്നും ഝാന്‍സിയിലേക്ക് സ്ഥലം മാറ്റം വന്നിരിക്കുകയാണ്. വിട പറയാനായി അദ്ദേഹം തന്‍റെ പ്രിയപ്പെട്ട വിദ്യാര്‍ഥികളെ കാണാനെത്തുകയുണ്ടായി.

കുട്ടികളെല്ലാം അദ്ദേഹത്തെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയാണുണ്ടായത്. അദ്ദേഹത്തോട് തങ്ങളെ വിട്ട് പോകരുതെന്നവര്‍ അപേക്ഷിക്കുകയും ചെയ്തു.

കുട്ടികളുടെ മാത്രമല്ല അന്നാട്ടിലെ മുതിര്‍ന്നവരുടെയും ഹൃദയത്തെ സ്പര്‍ശിച്ച ശേഷമാണ് ഈ നന്മയുള്ള മനുഷ്യന്‍ ഝാന്‍സിയിലേക്ക് പോകുന്നത്.

അവിടെ നിന്ന് പോയാലും കുട്ടികളെ പഠിപ്പിക്കാന്‍ സമയം കിട്ടുമ്പോഴെല്ലാം ഗ്രാമം സന്ദര്‍ശിക്കുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കിയിരിക്കുകയാണ് രോഹിത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനായി ഇത്രയധികം അര്‍പ്പണബോധമുള്ള ഒരു പോലീസുകാരനെ താന്‍ കണ്ടിട്ടില്ല എന്നാണ് ഉന്നാവോ സർക്കാർ റെയില്‍വേ പോലീസിലെ എസ്എച്ച്ഒ രാജ് ബഹാദൂര്‍ രോഹിത്തിനെക്കുറിച്ച് പറയുന്നത്.

ഏതായാലും ഈ അധ്യാപകന്‍റേയും വിദ്യാര്‍ഥികളുടേയും വാര്‍ത്ത സമൂഹ മാധ്യമങ്ങളിലും ഇപ്പോള്‍ വെെറലായിരിക്കുകയാണ്.

Related posts

Leave a Comment