കോഴിക്കോട്: വെല്ലുവിളികളെ നേരിടാൻ ശേഷിയില്ലാത്ത ഭീരുവായ പടനായകനാണ് താനെന്ന് ബോധ്യപ്പെടുത്തുന്ന പ്രസ്താവനകളാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ പറയുന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചതായും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘ലോക്സഭാ തെരഞ്ഞെടുപ്പിൽ 17,500 വോട്ട് താമര ചിഹ്നത്തിൽ വീണ നിലമ്പൂരിൽ സ്ഥാനാർഥി വേണ്ട എന്ന നിലപാട് എന്തുകൊണ്ടായിരിക്കും ബിജെപി നേതൃത്വം സ്വീകരിക്കുന്നത്? കാരണം മറ്റൊന്നുമല്ല. ബിജെപിയുടെ കേരളത്തിലെ സ്വാധീനം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം താഴോട്ടാണ് എന്ന സത്യം തെരഞ്ഞെടുപ്പ് ഫലം പുറത്തുകൊണ്ടുവരും എന്നുള്ളതാണ്.
ഗണ്യമായ തോതിൽ ക്രൈസ്തവ വോട്ടുള്ള നിലമ്പൂരിൽ ക്ഷീണം സംഭവിച്ചാൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വഖഫ് ഭേദഗതി ആക്ട് എടുക്കാചരക്കായി മാറും. കപട ദേശീയതയും നിലമ്പൂരിൽ വിലപ്പോവില്ല. നരേന്ദ്രമോദി നേരിട്ടുവന്ന് പ്രചാരണം നടത്തിയാലും 2024 ൽ നേടിയ 17,500 വോട്ട് പോയിട്ട് അതിന്റെ പകുതി നേടാൻ ബിജെപിക്ക് സാധിക്കില്ല എന്നതാണ് യാഥാർഥ്യം.
നിലമ്പൂരിലെ ബിജെപി പ്രവർത്തകരെ വിധിക്ക് വിട്ടുകൊടുത്ത് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മുങ്ങാനാണ് ബിജെപിയുടെ ശ്രമമെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.