നിപ്പാ ഭീതി! വഴിയില്‍ കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ തയാറായില്ല; നിപ്പാ മൂലമുണ്ടായ ഗുണം, കോഴിക്കോട് ജില്ലയില്‍ വാഹനാപടകങ്ങള്‍ കുറഞ്ഞു എന്നത് മാത്രം

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പാ വൈറസ് പനി ഒഴിയാതെ നില്‍ക്കുന്നതിനാല്‍ പലതരത്തിലും ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നാണ് അവിടെ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിലൊന്നാണ് ചെമ്പനോട് ടൗണിലെ ബസ്സ്റ്റോപ്പില്‍ കുഴഞ്ഞുവീണു പരിക്കേറ്റ അറുപതുകാരനെ നിപ്പാ പേടിയില്‍ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല എന്ന ഖേദകരമായ വാര്‍ത്ത.

മൂന്നു മണിക്കൂറോളം വീണുകിടന്ന ഇയാളെ കച്ചവടക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാര്‍ എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വീണയുടന്‍ ശേഖറിന്റെ വായില്‍നിന്നും മൂക്കില്‍നിന്നും രക്തം വരുന്നുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ നെറ്റി മുറിഞ്ഞു. കൈയുറയും മുഖാവരണവുമില്ലാതെ വാഹനത്തില്‍ കയറ്റാനുള്ള പ്രയാസമാണ് ശേഖറിനെ ആശുപത്രിയിലെത്തിക്കുന്നതില്‍നിന്ന് ആളുകളെ പിന്തിരിപ്പിച്ചതെന്ന് സ്ഥലത്തെ ടാക്‌സി ഡ്രൈവര്‍ പറഞ്ഞു.

നിപാ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലെ പഴ വര്‍ഗ്ഗ വിപണി നേരിടുന്നതും വന്‍ നഷ്ടമാണ്. റംസാന്‍ നോമ്പ് കാലമായിട്ടും വലിയ നഷ്ടമാണ് കോഴിക്കോട്ടെ പച്ചക്കറി പഴവര്‍ഗ്ഗ കച്ചവടക്കാര്‍ നേരിടുന്നത്. ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടലില്‍ നിപാ വൈറസ് ബാധ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും പഴവര്‍ഗ്ഗങ്ങളിലെ ഭീതി നാട്ടുകാര്‍ക്കിടയില്‍ തുടരുകയാണ്. കോഴിക്കോട് കച്ചവടം 75 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. പഴവര്‍ഗ്ഗ കയറ്റുമതി പാടെ നിലച്ചു. 10 ദിവസത്തിനിടയില്‍ 10,000 കോടിയാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്.

എന്നാല്‍ നിപ്പാ കാരണം ഉണ്ടായ ചില നല്ല കാര്യങ്ങളുമുണ്ട്. നിപ്പാ ഭീതിയില്‍ നഗരത്തില്‍ വാഹനാപകട മരണങ്ങള്‍ പകുതിയായി കുറഞ്ഞു. നിപ്പാ മരണങ്ങള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ നഗരത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞതാണ് ഇതിന് കാരണം. ഇക്കാലയളവില്‍ അപകടമരണങ്ങള്‍ 70 ശതമാനം കുറഞ്ഞതായി സിറ്റി ട്രാഫിക് പോലീസിന്റെ കണക്കുകളും സൂചിപ്പിക്കുന്നു.

Related posts