സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെപ്പോലും ഉപേക്ഷിച്ച് കടന്നുകളയുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ കളഞ്ഞുകിട്ടിയ കുഞ്ഞിനെ മുലയൂട്ടിയ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനപ്രവാഹം

സ്വന്തം ചോരയില്‍ ജനിച്ച കുഞ്ഞിനെപ്പോലും ഒരു കുറ്റബോധവുമില്ലാതെ ഉപേക്ഷിക്കാന്‍ മടി കാണിക്കാത്ത മാതാപിതാക്കളുടെ എണ്ണം വര്‍ധിക്കുകയും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന അവസരത്തില്‍ ബംഗളൂരുവിലെ പോലീസ് സേനാംഗമായ ഒരു യുവതിയുടെ പ്രവര്‍ത്തി ശ്രദ്ധേയമാവുന്നു. അവരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍.

പെരുവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്ത നവജാതശിശുവിനെ മുലയൂട്ടാന്‍ കാണിച്ച നല്ല മനസ്സിനാണ് അര്‍ച്ചനയ്ക്കു നേര്‍ക്ക് ഈ അഭിനന്ദന പ്രവാഹം. മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ അമ്മ കൂടിയായ പോലീസ് കോണ്‍സ്റ്റബിള്‍ അര്‍ച്ചന. പ്രസവാവധിയില്‍ നിന്ന് തിരികെയെത്തിയിരിക്കുന്ന സമയത്താണ് ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്കു സമീപത്തുള്ള കെട്ടിടനിര്‍മാണ പരിസരത്ത് ഇക്കഴിഞ്ഞ ദിവസം ഒരാണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തത്.

അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ ആര്‍ നാഗേഷാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയത്. ജനിച്ച് അധികസമയമാകുന്നതിനു മുമ്പാണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതെന്ന് വ്യക്തമായിരുന്നു. വളരെ മോശം അവസ്ഥയിലായിരുന്നു അവന്‍. കുഞ്ഞിന്റെ ദേഹത്ത് രക്തം പുരണ്ടിരിക്കുന്നത് കാണാമായിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയിരിക്കുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചശേഷം കുട്ടിയെയും കൊണ്ട് പോലീസ് സ്റ്റേഷനിലെത്തി.

ആ സമയം അര്‍ച്ചനയും പോലീസ് സ്റ്റേഷനിലുണ്ടായിരുന്നു. ‘കുഞ്ഞിന്റെ കരച്ചില്‍ എനിക്ക് സഹിക്കാനാവുമായിരുന്നില്ല എന്റെ കുഞ്ഞ് കരയുന്നതു പോലെയാണ് എനിക്ക് തോന്നിയത്. എനിക്ക് അവനെ പാലൂട്ടിയേ മതിയാകുമായിരുന്നുള്ളു എന്ന് പറഞ്ഞ് അര്‍ച്ചന പിന്നീട് കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു.

അര്‍ച്ചനയുടെ നല്ലമനസ്സിനെ കുറിച്ചുള്ള വാര്‍ത്ത, ബംഗളൂരു പോലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കവച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അതോടെ അവരെത്തേടി അഭിന്ദനപ്രവാഹവും ഒഴുകി. മുഖ്യമന്ത്രി കുമാരസ്വാമിയുടെ പേരാണ് കുഞ്ഞിന് നല്‍കിയിരിക്കുന്നത്. കുഞ്ഞിനെ പിന്നീട് ശിശുമന്ദിരത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.

Related posts