പാലക്കാട്: കഴിഞ്ഞ ദിവസം മരിച്ച രോഗിക്കു നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നൽകി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണു നിര്‍ദേശം നല്‍കിയത്. നിപ്പ ബാധിച്ച് മരിച്ച 58 കാരൻ താമസിച്ചിരുന്ന മണ്ണാര്‍ക്കാട് പ്രദേശത്ത് ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇയാളുടെ സമ്പർക്കപ്പട്ടിക തയാറാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ള 46 പേരെ കണ്ടെത്തി. റൂട്ട് മാപ്പുൾപ്പെടെയുള്ളവ തയാറാക്കിയിട്ടുണ്ട്. ഇതിനിടെ ഇയാൾ കൂടുതലും സഞ്ച രിച്ചത് കെഎസ്ആര്‍ടിസി ബസിലാണെന്നാണ് കണ്ടെത്തല്‍. ആഴ്ചയില്‍ മൂന്ന് തവണ അട്ടപ്പാടിയില്‍ പോയതും കെഎസ്ആർടിസി ബസിൽ തന്നെയാണ്. ഇദേഹത്തിന്റെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്കൂളും താത്കാലികമായി അടച്ചു.
ജൂലൈ 12നാണ് പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശി നിപ്പ ബാധിച്ച് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലിക്കെ മരിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന്
നിപ്പ സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിള്‍ ഇന്നു ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.
നിലവില്‍ പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതല യോഗം ചേര്‍ന്നിരുന്നു. പനി സർവൈലൻസും തുടരുന്നു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്ഥിരീകരണം ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ നടപടി സ്വീകരിക്കും.
കടുത്ത ശ്വാസതടസസത്തോടെ വെള്ളിയാഴ്ച വൈകീട്ടാണ് 58കാരനെ മണ്ണാർക്കാട്ടുനിന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നിപ്പ ലക്ഷണങ്ങളുമായി സാമ്യംതോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രി ട്ടിക്കൽകെയർ യൂണിറ്റിൽ കിടത്തിയാണ് ചികിത്സിച്ചത്.
അടുത്ത ബന്ധുക്കളും ആരോഗ്യപ്രവർത്തകരുമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. അതേസമയം, പ്രാഥമികമായി നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കുമരംപത്തൂർ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. രോഗിയുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവരോട് നിരീക്ഷണത്തിലിരിക്കാൻ നിർദേശം നൽകി.
ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. രോഗവ്യാപനം തടയുന്നതിനും മറ്റുമായി തുടർനടപടി സ്വീകരിക്കുന്നതിന് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ പോലീസ്, വനം, വെറ്ററിനറി, റവന്യൂ, ഫയർഫോഴ്സ്, ആർആർടി, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവരുടെ യോഗംചേരും. പ്രദേശത്ത് ഇന്ന് മെഗാ പനി സർവേ നടത്തും.
ആശുപത്രികൾക്ക് ജാഗ്രതാനിർദേശം
പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ്പ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിലെ ആശുപത്രികൾക്ക് മന്ത്രി വീണ ജോർജ് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ് പ്രത്യേക ജാഗ്രതാനിർദേശം നൽകിയത്. നിപ്പ ലക്ഷണങ്ങളോടുകൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.
രോഗബാധിതയുടെ നില ഗുരുതരം
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽത്തുടരുന്ന പാലക്കാട് സ്വദേശിനിയായ മുപ്പത്തെട്ടുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന യുവതിക്ക് രക്തസ്രാവമുണ്ടായി. മരുന്നുനൽകിയതിനെത്തുടർന്ന് രക്തസ്രാവം മാറിയതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.