നിപ്പാ വൈറസ്! ചില കണക്കുകളും സാധ്യതകളും പ്രതിവിധികളും; രോഗവ്യാപനം തടയാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള യുവ ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാവുന്നു

ഏതാനും ദിവസങ്ങളായി കേരളത്തിന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ് നിപ്പാ വൈറസ് പനി. പനി ബാധിച്ചുള്ള മരണം 12 ല്‍ എത്തിയതോടെ പനി കൂടുതല്‍ ബാധിച്ചിരിക്കുന്ന കോഴിക്കോടുള്ളവര്‍ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ജില്ലകളിലെയും ജനങ്ങള്‍ പരിഭ്രാന്തിയിലുമാണ്.

മുന്നറിയിപ്പ്, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സാരീതികള്‍, രോഗലക്ഷണങ്ങള്‍ എന്നീ തലക്കെട്ടുകളിലെല്ലാം നിരവധി കാര്യങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുമുണ്ട്. അക്കൂട്ടത്തില്‍ പലതും ആശങ്ക വര്‍ധിപ്പിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.

ഇതിനിടെ ഈ പനി അത്ര ഭീകരനല്ലെന്നും വവ്വാലിലൂടെയല്ല പനി പകരുന്നതെന്നും വാദിച്ചുകൊണ്ട് ചില നാട്ടുവൈദ്യന്മാരും രംഗത്തെത്തുകയുമുണ്ടായി. എന്നാല്‍ അത്തരം പ്രചാരണങ്ങളെ തള്ളിക്കളയുകയാണ് സമൂഹമാധ്യമങ്ങളിലൂടെ ചില ഡോക്ടര്‍മാര്‍ ചെയ്തത്.

ജീവന് ഭീഷണിയായ രോഗത്തെ തടയാനും പിടിപെട്ടാല്‍ അതില്‍ നിന്ന് രക്ഷനേടാനും എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചാണ് പലര്‍ക്കും അറിവില്ലാത്തത്. എന്നാല്‍ നിപ്പാ വൈറസ് മൂലമുണ്ടാകുന്ന പനിയെ എങ്ങനെയാണ് പ്രായോഗികമായി നേരിടേണ്ടത് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജിനേഷ് പിഎസ് എന്ന യുവ ഡോക്ടര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ ജിനേഷ് ചില പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കേട്ടവയില്‍ വച്ചേറ്റവും പ്രായോഗികമായതെന്ന് തോന്നിയതിനാലാവണം പോസ്റ്റിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഇത് വൈറലുമാണ്. ഡോ ജിനേഷ് പറയുന്നതിങ്ങനെ…

ഇതുവരെ ഞാന്‍ ചര്‍ച്ച ചെയ്യാത്തതും ഏറ്റവും പ്രധാനപ്പെട്ടതുമായ പോസ്റ്റാണിതെന്ന് കരുതുന്നു. നമ്മുടെ മുന്‍പില്‍ ഇപ്പോള്‍ കുറച്ച് വസ്തുതകളുണ്ട്.

ആദ്യത്തെ ആള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നത്: മെയ് 3,
മരണം സംഭവിക്കുന്നത്: മെയ് 5
രണ്ടാമത്തെ ആളുടെ മരണം സംഭവിക്കുന്നത്: മെയ് 17
മൂന്നാമത്തെ അവരുടെ മരണം സംഭവിക്കുന്നത്: മെയ് 18
അസുഖ കാരണം നിപ്പാ വൈറസ് ആണ് എന്ന് സ്ഥിരീകരിക്കുന്നത്: മെയ് 20
തുടര്‍ന്നുള്ള 8 മരണങ്ങള്‍: മെയ് 19 – 22

ബഹുഭൂരിപക്ഷം ലേഖനങ്ങളിലും കാണുന്ന ഇന്‍കുബേഷന്‍ പീരിയഡ്: നാലു മുതല്‍ പതിനെട്ട് ദിവസം വരെ (അതായത് വൈറസ് ശരീരത്തില്‍ കയറി രോഗലക്ഷണങ്ങള്‍ ആരംഭിക്കാന്‍ എടുക്കുന്ന സമയം). ഇത് രണ്ടു മുതല്‍ 21 ദിവസം വരെ ആകാം എന്ന് ഡോക്ടര്‍ അനസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതുവരെ മരണമടഞ്ഞ/നിപ്പ സ്ഥിരീകരിച്ച ഏതൊരാളും ആദ്യം മരിച്ച വ്യക്തിയുമായോ പിന്നീട് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായോ നേരിട്ട് ഇടപഴകിയിട്ടുണ്ട്.

ആദ്യത്തെ ആളിന് രോഗം എങ്ങനെ ലഭിച്ചു എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വവ്വാലീല്‍ നിന്ന് പകര്‍ന്നതാണോ എന്ന സംശയം ഇപ്പോഴുമുണ്ട്. രോഗം ഉള്ള അവസ്ഥയില്‍ മാത്രമേ രോഗം പകരുകയുള്ളൂ എന്നാണ് മനസ്സിലാവുന്നത്.

അതായത് ഇന്‍കുബേഷന്‍ പീരിയഡില്‍ ലോകം പകരില്ല എന്ന്. ശരീര സ്രവങ്ങളിലൂടെ മാത്രമേ അസുഖം പകരുകയുള്ളൂ. അതായത് അടുത്ത് ഇടപഴകിയാല്‍ മാത്രം. ചുമ യിലൂടെയും തുമ്മല്‍ ഇലൂടെയും ശരീരസ്രവങ്ങള്‍ മറ്റൊരാളുടെ ശരീരത്തില്‍ എത്തിയാലും രോഗം പകരാന്‍ സാധ്യതയുണ്ട്. ഇത്രയും വിഷയങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം.

ഇനിയെന്താണ് സംഭവിക്കാന്‍ സാധ്യത ?

കേരളത്തില്‍ പ്രതിരോധ നടപടികള്‍ ആരംഭിക്കുന്നത് മെയ് 20ന്. അതിനു മുന്‍പ് രോഗം വന്നവരുമായി രോഗാവസ്ഥയില്‍ ഇടപഴകിയ ആര്‍ക്കും അസുഖം ആരംഭിക്കാം. അങ്ങനെയെങ്കില്‍ ആ കേസുകള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

അങ്ങനെയെങ്കില്‍ ഇനി എന്താണ് ചെയ്യേണ്ടത് ?

നിലവില്‍ രോഗം സ്ഥിരീകരിച്ചുവരുമായി ഇതുവരെ രോഗാവസ്ഥയില്‍ അടുത്ത് ഇടപഴകിയ എല്ലാവരെയും നിരീക്ഷിക്കുക. അതില്‍ ബന്ധുമിത്രാദികള്‍ ഉണ്ടാവാം, ആരോഗ്യപ്രവര്‍ത്തകര്‍ ഉണ്ടാവാം, ചികിത്സിച്ച ഡോക്ടര്‍ ഉണ്ടാവാം, ശുശ്രൂഷിച്ച നേഴ്‌സ് ഉണ്ടാവാം, വാര്‍ഡുകളില്‍ അഡ്മിറ്റ് ആയിട്ടുണ്ടെങ്കില്‍ അടുത്ത കട്ടിലില്‍ കിടന്ന രോഗികള്‍ ഉണ്ടാവാം, ആ രോഗികളെ സന്ദര്‍ശിക്കാന്‍ വന്നവര്‍ ഉണ്ടാവാം. നിലവിലെ ഒരു വലയത്തില്‍ പരമാവധി 100-200 പേര്‍ ഉണ്ടെന്ന് കരുതുക.

അവരിലൂടെ അല്ലാതെ അസുഖം ഇനി മറ്റൊരാളില്‍ പകരില്ല. വളരെയധികം പ്രത്യേകതകള്‍ ഉള്ള ഒരു അസുഖമാണ് ഇത്. ഈ പ്രത്യേകതകള്‍ തന്നെ ഈ അസുഖം ഇല്ലാതാക്കാന്‍ നാം ഉപയോഗിക്കണം. ആദ്യത്തെ ആള്‍ക്ക് അസുഖം ഉണ്ടായത് എങ്ങനെ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല എന്നുള്ളത് ഒരു പ്രശ്‌നമാണ്.

എങ്കിലും മറ്റൊരു കേന്ദ്രബിന്ദു ആ വഴിയില്‍ മറ്റൊരു സ്ഥലത്ത് ഉണ്ടാവാതിരിക്കാന്‍ വേണ്ട കരുതലുകള്‍ മുന്‍പ് പറഞ്ഞതുപോലെ തന്നെ സ്വീകരിക്കണം. ആ വിഷയം അല്ല ഈ പോസ്റ്റില്‍ സംവദിക്കാന്‍ ഉദ്ദേശിക്കുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് എങ്ങനെ തടയാം എന്നുള്ളതാണ് ഈ പോസ്റ്റിലെ ചര്‍ച്ചാവിഷയം.

അങ്ങനെയാകുമ്പോള്‍ നിലവില്‍ നമ്മുടെ ലിസ്റ്റിലുള്ള ഈ ഗ്രൂപ്പില്‍ ഉള്ളവരെ നിരീക്ഷിക്കുക. അവരില്‍ നിന്നും മറ്റൊരു വിഭാഗത്തിലേക്ക് അസുഖം പകരാതിരിക്കാന്‍ ഉള്ള എല്ലാ നടപടികളും സ്വീകരിക്കുക. അവര്‍ തല്‍ക്കാലം ജോലിയില്‍നിന്നും അവധിയില്‍ പ്രവേശിക്കുക. അത്രയും പേര്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ഉപയോഗിക്കാതിരിക്കുക. യാത്ര പൂര്‍ണമായും ഒഴിവാക്കുക. പനി മുതലായ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സൗകര്യമുള്ള ആശുപത്രികളില്‍ ഉടനെ തന്നെ ചികിത്സ തേടുക.

സര്‍ക്കാര്‍ ആശുപത്രികളില്‍ ആണെങ്കില്‍ ചികിത്സ ഒരു കെട്ടിടത്തില്‍ പരിമിതപ്പെടുത്തുക. ആ കെട്ടിടത്തില്‍ രണ്ട് തരത്തിലുള്ള സൗകര്യങ്ങള്‍ വേണം. അസുഖം സ്ഥിരീകരിച്ചവര്‍ക്ക് ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങള്‍ വേണം.

അതുപോലെതന്നെ പനി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നിപ്പ വൈറസ് ബാധ സംശയിക്കുന്നവര്‍ക്ക് ഐസൊലേഷന്‍ നല്‍കി ചികിത്സ ലഭിക്കാനുള്ള സൗകര്യം. അവരുടെ രക്തസാമ്പിളുകള്‍ പരിശോധിക്കുകയും സംശയനിവാരണം വരുത്തുകയും വേണം.

ഈ രണ്ടു വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും പത്രം, ടിവി തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാവണം. വളരെ പരിഭ്രാന്തരായ അവസ്ഥയില്‍ ആവരുത്. അവരുമായി സംസാരിക്കാന്‍ വ്യക്തിഗതമായ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ച ആള്‍ക്കാര്‍ ഉണ്ടാവണം. മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ് എന്നറിയാമല്ലോ, ഒരു വ്യക്തിക്ക് സന്തോഷത്തോടെ ഇരിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാവണം.

ഈ അസുഖം നിപ്പാ വൈറസ് മൂലമാണ് എന്ന് സ്ഥിരീകരിക്കുന്നതിന് മുന്‍പ് അസുഖബാധിതരെ പ്രത്യേക സുരക്ഷകള്‍ ഒന്നുമില്ലാതെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ തീര്‍ച്ചയായും ജോലിയില്‍ നിന്ന് മാറി നില്‍ക്കണം. അവരില്‍ നിന്നും മറ്റൊരാള്‍ക്ക് രോഗം പകര്‍ന്നു കൂടാ.

ച 95 മാസ്‌ക് അടക്കമുള്ള സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ധരിച്ച് കൂടുതല്‍ സമയം തുടര്‍ച്ചയായി ജോലി ചെയ്യുക മനുഷ്യ സാധ്യമല്ല. നാലു മണിക്കൂറില്‍ കൂടുതല്‍ അടുപ്പിച്ച ജോലി ചെയ്യുക എന്നുള്ളത് ദുഷ്‌കരമാകും എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ കൂടുതല്‍ ഹ്യൂമന്‍ റിസോഴ്‌സസ് തയ്യാറാക്കണം. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും.

ഒരു കേന്ദ്രബിന്ദുവില്‍ ആരംഭിച്ച അസുഖത്തിന്റെ ചുറ്റും ഒരു വൃത്തം പൂര്‍ത്തിയായി എന്ന് കരുതാം. അപ്പോഴും നിലവില്‍ അണുബാധ ലഭിച്ചവര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് കൂടുതല്‍ വ്യാസമുള്ള രണ്ടാമത്തെ വൃത്തമായി മാറാം. അതിനു വെളിയില്‍ മറ്റൊരു വൃത്തം ഉണ്ടാകാതിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. ഈ വൃത്തത്തിനുള്ളില്‍ ഉള്ളവര്‍ മറ്റു ജില്ലകളില്‍ പോയി മറ്റൊരു കേന്ദ്രബിന്ദുവായി മാറരുത്.

നാം സുരക്ഷാ മാര്‍ഗ്ഗങ്ങള്‍/ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഇരുപതാം തീയതിക്ക് ശേഷം ഒരാള്‍ക്കുപോലും പുതുതായി വൈറസ് പകര്‍ന്ന് ലഭിച്ചു കൂടാ. അങ്ങനെ പടര്‍ന്നാല്‍ വൃത്തങ്ങള്‍ കൂടുതലാവുകയും നിയന്ത്രണ വിധേയമാക്കാതെ വരുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും.

അതുപോലെതന്നെ ഒരുക്കേണ്ട സൗകര്യങ്ങള്‍. ഇതുവരെ 10 പേര്‍ക്ക് മാത്രമേ സ്ഥിരീകരിച്ചു ഉള്ളൂ എങ്കിലും, ആയിരം പേര്‍ക്ക് അസുഖം ബാധിച്ചാല്‍ എങ്ങനെ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കാം എന്നാണ് നാം ഇപ്പോള്‍ ചിന്തിക്കേണ്ടത്.

ഏറ്റവും മികച്ച തയ്യാറെടുപ്പുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വളരെ അപ്രതീക്ഷിതമായ സാഹചര്യങ്ങളെ (അങ്ങനെ ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു) മറികടക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. അതിനനുസരിച്ച് സുരക്ഷാമാര്‍ഗങ്ങള്‍ അടക്കം ശേഖരിച്ചു വയ്ക്കണം. ഇതൊന്നും ആവശ്യം വരാതിരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്.

പക്ഷേ വളരെ ദൗര്‍ഭാഗ്യകരമായി അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ആ സമയത്ത് കതിരില്‍ വളം വച്ചിട്ട് കാര്യമില്ലല്ലോ. ഗൗരവപൂര്‍ണമായ സാഹചര്യമാണ്. പക്ഷേ പരിഭ്രാന്തി സൃഷ്ടിച്ചിട്ടോ പടര്‍ത്തിയിട്ടോ പ്രയോജനമില്ല. ജാഗ്രതയോടെ കരുതലോടെ മുന്നോട്ട് പോവുകയാണ് വേണ്ടത്.

നിപ്പാ വൈറസ് മൂലമല്ലാത്തതടക്കമുള്ള പനിബാധിച്ച രോഗികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ ഇങ്ങനെ ഏവരും അടങ്ങിയ ആശുപത്രി അധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ടസില്‍ ആവാന്‍ സാധ്യതയുണ്ട്.

തുടര്‍ച്ചയായ മീറ്റിങ്ങുകളും വളരുന്ന ആശങ്കകളും അവരെ സ്‌ട്രെസില്‍ ആഴ്ത്താന്‍ സാധ്യതയുമുണ്ട്. അവര്‍ക്ക് മാനസികമായും ജോലി പരമായും പിന്തുണ കൊടുക്കേണ്ടതുണ്ട്. ആവശ്യമെങ്കില്‍ ഒരു സഹായഹസ്തം നീട്ടാന്‍ നാമോരോരുത്തരും തയ്യാറായിരിക്കണം.

രോഗികളുമായി സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് ഇടപെട്ട ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ മാറ്റിനിര്‍ത്തിയാല്‍ കൂടുതല്‍ ‘പാനിക്’ ആവുകയല്ലേ എന്ന് ചിലര്‍ ചോദിച്ചെന്നിരിക്കും. അത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അവിടെ ചോദ്യങ്ങളെ ഭയപ്പെട്ടല്ല അധികാരികള്‍ തീരുമാനമെടുക്കേണ്ടത്.

അസുഖ വ്യാപനം തടയാന്‍ വേണ്ടിയുള്ള കൃത്യമായ ശാസ്ത്രീയമായ സമീപനമാണ് ഉണ്ടാവേണ്ടത്. അസുഖം കൂടുതല്‍ പേരിലേക്ക് പടര്‍ന്ന് പിടിച്ചാല്‍ ഈ ‘പാനിക്’ വാദം ഉയര്‍ത്തുന്നവര്‍ അന്നും പല ചോദ്യങ്ങളും ചോദിക്കും എന്നോര്‍ക്കുക. ഉത്തരവാദിത്തമുള്ള ഒരു വ്യക്തി എന്ന നിലയില്‍ ഗുരുതരമായ ഈ അസുഖം വ്യാപിക്കുന്നത് തടയുന്നതിനാണ് നിങ്ങള്‍ ഊന്നല്‍ കൊടുക്കേണ്ടത് എന്ന് ഓര്‍മിപ്പിക്കുന്നു.

അതുപോലെതന്നെ രോഗിയുമായി നേരിട്ട് ഇടപഴകാത്തവര്‍ ജോലിയില്‍നിന്ന് ആശങ്കകള്‍ കൊണ്ട് വിട്ടുനില്‍ക്കാനും പാടില്ല. കാരണം അങ്ങനെ വിട്ടുനിന്നാല്‍ ജോലിചെയ്യാന്‍ ആള്‍ക്കാരുടെ കുറവുണ്ടാകും. ഇങ്ങനെയൊരു സാഹചര്യത്തില്‍ ജൂണ്‍ ഒന്നാം തീയതി മുതല്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നത് അത്ര ഗുണകരമല്ല എന്നാണ് അഭിപ്രായം.

അതിനെകുറിച്ച് ചിന്തിക്കാന്‍ തയ്യാറാകണം. അനാവശ്യമായ കാര്യങ്ങള്‍ ചെയ്ത് ധീരത തെളിയിക്കാന്‍ ശ്രമിച്ചാല്‍, ഗപ്പ് ഒന്നും കിട്ടുകയില്ല എന്ന് ഓര്‍മ്മിക്കണം. അധികാരികളോടും ഒന്നേ പറയാനുള്ളൂ. മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്നല്ല നിങ്ങള്‍ കരുതേണ്ടത്. അസുഖം പകരാനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും അടയ്ക്കുവാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്.

ഒരു കാര്യം കൂടി പറയാനുണ്ട്. സംശയം മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന രോഗികള്‍ക്ക് നിപ്പാ വൈറസ് സ്ഥിരീകരിച്ചാല്‍, ആ വിവരം പുറത്തറിയിക്കാന്‍ ഒരുനിമിഷംപോലും വൈകരുത്. കാരണം പനി മൂലം ആശുപത്രിയില്‍ വരുന്നതു വരെയുള്ള കോണ്‍ടാക്റ്റുകള്‍ ട്രെയ്‌സ് ചെയ്യേണ്ടതുണ്ട്. മന്ത്രിമാരും നേതാക്കളും വരുന്നത് കാത്ത് ഉദ്ഘാടനങ്ങള്‍ക്കായി പാലങ്ങള്‍ പണിതീര്‍ന്ന് കിടക്കുന്നതു പോലെയുള്ള അവസ്ഥയല്ലിത്.

ജനങ്ങള്‍ ‘പാനിക്’ ആകുമെന്ന് കരുതി സത്യം മറച്ചുവെച്ചാല്‍ സാഹചര്യം പിടിച്ചാല്‍ കിട്ടാത്തത്ര വളരും. ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു. ഗൗരവതരമായ സാഹചര്യമാണ്. പക്ഷേ പരിഭ്രാന്തരാവുകയല്ല വേണ്ടത്. ജാഗ്രതയോടെ, കരുതലോടെ മുന്‍പോട്ട് പോകണം. പോയേ പറ്റൂ…

Related posts