പേരാമ്പ്രയിലെ നഴ്‌സുമാരോട് ‘തൊട്ടുകൂടായ്മ’ കാണിക്കുന്നതായി പരാതി; ഓട്ടോയിലും ബസിലും കയറാന്‍ വിലക്കെന്ന് ആശുപത്രി സൂപ്രണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രി ശൂന്യം…

പേരാമ്പ്ര:നിപ്പ വൈറസ് ബാധ ആദ്യം കണ്ടെത്തിയ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരോട് ആളുകള്‍ തൊട്ടുകൂടായ്മ കാണിക്കുന്നതായി പരാതി. ബസിലും ഓട്ടോയിലും കയറുന്നതില്‍ നിന്ന് നഴ്‌സുമാരെ ആളുകള്‍ വിലക്കുന്നതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. നഴ്‌സുമാര്‍ തന്നെയാണ് ഇക്കാര്യം പരാതിപ്പെട്ടത്. ഈ പരാതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആശുപത്രി സൂപ്രണ്ട് കൈമാറി. നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സാബിത്തിനെ ഇവിടെയായിരുന്നു ചികിത്സിച്ചിരുന്നത്. സാബിത്തിനെ ചികിത്സിച്ച നഴ്‌സ് ലിനിയും മരിച്ചതോടെ ആശുപത്രിയിലേക്കുളള രോഗികളുടെ വരവ് നിലച്ചു.

കഴിഞ്ഞയാഴ്ച നൂറോളം രോഗികളുണ്ടായിരുന്ന ആശുപത്രി ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്ത മൂന്ന് പേരും ഇപ്പോള്‍ ജോലിക്ക് വരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു. പേരാമ്പ്രയിലെ ഇഎംഎസ് ആശുപത്രിയിലും രോഗികളുടേയും ജീവനക്കാരുടേയും എണ്ണത്തില്‍ വന്‍ കുറവാണ് വന്നിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ വിദഗ്ധ സംഘവും ദേശീയ ദുരന്ത നിവാരണ സേനയുടെ ഇരുപതംഗ സംഘവും ഇന്ന് മലപ്പുറത്തെത്തും. ചികിത്സാ പ്രോട്ടോക്കോള്‍ ഇന്ന് പ്രഖ്യാപിക്കും. വിദഗ്ധരുമായി കൂടിയാലോചിച്ചാണ് പ്രോട്ടോക്കോളിന് രൂപം നല്‍കിയത്. പൂനയില്‍ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും.

മലേഷ്യയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച റിബ വൈറിന്‍ ഗുളികകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇന്ന് തീരുമാനമുണ്ടാകും. പൂനയില്‍ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരടങ്ങുന്ന സംഘo ഇന്ന് കോഴിക്കോട്ടെത്തും. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സംഘമെത്തുന്നത്. നിപ്പ വൈറസ് സ്ഥിരീകരിച്ച ഒരാള്‍ ചികിത്സയിലാണ്. വൈറസ് ബാധ സംശയിക്കുന്ന രണ്ടു പേരുടെ രക്തസാംപിളുകള്‍ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.

Related posts