കൊച്ചി: തന്റെ വ്യാജ ഒപ്പിട്ട് രേഖ ചമച്ചെന്ന നടന് നിവിന്‍ പോളിയുടെ പരാതിയില്‍ ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്ന നിര്‍മാണക്കമ്പനി ഉടമയും നിര്‍മാതാവുമായ പി.എസ്. ഷംനാസിനെതിരേ പാലാരിവട്ടം പോലീസ് കേസെടുത്തു. ആക്ഷന്‍ ഹീറോ ബിജു 2 സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ട് രേഖ ചമച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിവിന്‍ ഷംനാസിനെതിരേ പരാതി നല്‍കിയത്.
2023 മാര്‍ച്ച് മൂന്നിന് കരാറില്‍ ഏര്‍പ്പെട്ട ശേഷം ചിത്രീകരണം നടന്നുവരുന്ന സിനിമ നിവിന്റെ അറിവോ സമ്മതമോ കൂടാതെ ഷംനാസ് വ്യാജ ഒപ്പ് രേഖപ്പെടുത്തി കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് മുമ്പാകെ സമര്‍പ്പിച്ച് ചിത്രം നിര്‍മാതാവിന്റെ നിര്‍മാണ കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
നിവിന്‍ പോളിക്കും ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സംവിധാകനായ ഏബ്രിഡ് ഷൈനെതിരേയും കേസെടുക്കാന്‍ കാരണമായി കാണിച്ച രേഖ തന്റെ വ്യാജ ഒപ്പിട്ട് നിര്‍മിച്ചതാണെന്നാണ് നിവിന്‍ പോളിയുടെ വാദം. സിനിമ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് രേഖ വ്യാജമായി നിര്‍മിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ കേസെടുത്ത പാലാരിവട്ടം പോലീസ് രേഖകള്‍ പരിശോധിച്ചുവരുകയാണ്. ഒപ്പ് വ്യാജമാണോയെന്ന് അറിയുന്നതിനായി വരും ദിവസങ്ങളില്‍ ശാസ്ത്രീയ പരിശോധന നടത്തും.
അതേസമയം, നിവിനും എബ്രിഡ് ഷൈനുമെതിരേ വഞ്ചന ആരോപിച്ച് ഷംനാസ് നല്കിയ പരാതിയില്‍ തലയോലപ്പറമ്പ് പോലീസ് നിവിന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നു. വഞ്ചനയിലൂടെ തന്നില്‍നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഷംനാസിന്റെ പരാതി. മഹാവീര്യര്‍ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് ഷംനാസിന്റെ അവകാശവാദം. ഇതിന് പിന്നാലെ എബ്രിഡ് ഷൈന്‍ -നിവിന്‍ പോളി കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രം ആക്ഷന്‍ ഹീറോ ബിജു 2 ല്‍ തന്നെ നിര്‍മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്നും ഷംനാസ് പരാതിയില്‍ പറയുന്നു.