പുകവലി തന്നെ രോഗിയാക്കി..! അനുഭവ ത്തിന്റെ വെളിച്ചത്തില്‍ പുകവലിക്കെ തിരേ ഒറ്റയാള്‍ പോരാട്ടവുമായി അബ്ദുള്‍ കരീം

ktm-kareem

ബിജു ഇത്തിത്തറ

കടുത്തുരുത്തി: ജീവിതം നശിപ്പിച്ച പുകവലിക്കെതിരേ ഒറ്റയാള്‍ ബോധവത്കരണ വുമായി ആലൂവ സ്വദേശി അബ്ദുള്‍ കരീം. പതിനെട്ട് വര്‍ഷമായി ഇദ്ദേഹം പുകവലി ക്കെതിരേയുള്ള പോരാട്ട ത്തിലാണ്. സ്ഥിരമായ പുകവലി ഉപയോഗത്തെ തുടര്‍ന്ന് മികച്ച പ്രാസംഗികനായിരുന്ന അബ്ദുള്‍ കരീമിന് തന്റെ ശബ്ദം തന്നെ നഷ്‌പ്പെടുത്തേണ്ടി വന്നു. ഇതോടെ യാണ് പുകവലിയുടെ മാരകമായ ദൂഷ്യവശങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവ ത്കരിക്കാന്‍ കരീം പൊതുജനമധ്യത്തിലേക്ക് ഇറങ്ങുന്നത്.

തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവം ഒരിക്കലും മറ്റൊരാള്‍ക്ക് ഉണ്ടാകരുതെന്ന ലക്ഷ്യവുമായാണ് കരീമിന്റെ ബോധവത്കരണയാത്ര ഓരോ ദിവസവും വിവിധ സ്ഥലങ്ങള്‍ പിന്നിടുന്നത്. ഈ ഒരു ലക്ഷ്യത്തിനായി 25 കിലോമീറ്ററിലേറേ ദൂരമാണ് ദിവസവും കരീം കാല്‍നടയായി സഞ്ചരിക്കുന്നത്. തുടര്‍ച്ചയായ പുകവലിയെ തുടര്‍ന്ന് കാന്‍സര്‍ ബാധിച്ചതോടെ കരീമിന്റെ ശബ്ദനാളി മുറിച്ചു നീക്കേണ്ടി വരികയായിരുന്നു. പുകവലിക്കുന്നവരെ കാണാനിടയായാല്‍ ഇദ്ദേഹം അവരുടെ അടുത്തേക്ക് എത്തും. തുടര്‍ന്ന് ആംഗ്യഭാഷയിലൂടെ അവരുമായി സംസാരിക്കാന്‍ ശ്രമിക്കും. തുടര്‍ന്ന് പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു തന്റെ കൈയില്‍ കരുതിയിരിക്കുന്ന നോട്ടീസ് കൈമാറും.

പുകവലി നിര്‍ത്താന്‍ തയാറാണെങ്കില്‍ പുകവലിക്കായി നഷ്ടപെടുത്തുന്ന പണം സ്വരൂപിക്കാന്‍ സേവിംഗ്‌സ് ബോക്‌സ് നല്‍കാനും കരീം തയാറാണ്. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ദേശീയ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നു സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള ചരിത്രവും അബ്ദുള്‍ കരീമിന് പറയാനുണ്ട്. ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന തുടങ്ങുന്ന പുകവലിക്കെതിരെയുള്ള പരസ്യവാചകം ഏല്ലാവരെയും ഭയപ്പെടുത്തുന്നതാണെങ്കിലും ആരും പരസ്യം കണ്ടിട്ട് പുകവലി നിര്‍ത്തുന്നില്ലെന്ന് കരീം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ പുകവലി മൂലമുണ്ടായ ദുരന്തം പരമാവധി ആളുകളോട് നേരിട്ട് ചെന്ന് പറഞ്ഞ് അവരെയും കുടുംബാംഗങ്ങളെയും മാരകമായ വിപത്തില്‍ നിന്നു രക്ഷപ്പെടുത്താനാണ് അബ്ദുള്‍ കരീം ശ്രമിക്കുന്നത്. ഈ ലക്ഷ്യത്തോടെ കഴിഞ്ഞദിവസം ഇദേഹം കടുത്തുരുത്തിയിലും എത്തിയിരുന്നു.

Related posts