കൊടുത്താല്‍ കൊല്ലത്തും കിട്ടും! ഉത്തരകൊറിയയ്ക്ക് കനത്ത തിരിച്ചടി; ആണവ പരീക്ഷണത്തെ തുടര്‍ന്ന് നടന്ന ടണല്‍ അപകടത്തില്‍ ഇരുനൂറ് മരണമെന്ന് റിപ്പോര്‍ട്ട്

പുലി വരുന്നേ പുലി എന്ന് പറഞ്ഞ് കരഞ്ഞ കുട്ടിയുടെ അവസ്ഥയാണിപ്പോള്‍, ഉത്തരകൊറിയയ്ക്കും അവിടുത്തെ ഏകാധിപതി, കിം ജോംഗ് ഉന്നിനും. പുലി വരുന്നേ എന്ന് ആദ്യമൊക്കെ തമാശയ്ക്ക് പറഞ്ഞ് ആളുകളെ പറ്റിച്ചു. അവസാനം ശരിക്കും പുലി വന്നപ്പോള്‍ ആരുമൊട്ടെത്തിയതുമില്ല. ഉത്തരകൊറിയയില്‍ ആണവ പരീക്ഷണ കേന്ദ്രത്തിലെ ടണല്‍ തകര്‍ന്ന് 200 ലധികം ആളുകള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഉത്തരകൊറിയയുടെ വടക്കുകിഴക്കന്‍ മേഖലയായ പ്യൂഗെരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ടണലാണ് ആണവ പരീക്ഷണത്തെ തുടര്‍ന്ന് തകര്‍ന്നു വീണത്. അപകടത്തെ തുടര്‍ന്ന് നൂറോളം പേര്‍ മരണപ്പെടുകയും ശേഷം നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ടണല്‍ വീണ്ടും തകരുകയും നൂറിലധികം പേര്‍ വീണ്ടും കൊല്ലപ്പെട്ടതായും ജപ്പാന്‍ മാധ്യമത്തെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ ആദ്യം നടത്തിയ ആണവ പരീക്ഷണം മേഖലയെ തകര്‍ത്തതായാണ് വിദഗ്ധര്‍ പറയുന്നത്. ഭൂഗര്‍ഭ സ്‌ഫോടനത്തിന്റെ തുടര്‍ച്ചയായി പ്രദേശം ടയേഡ് മൗണ്ടൈന്‍ സിന്‍ഡ്രോം അവസ്ഥയിലായിരിക്കുകയാണെന്നാണ് വിദഗ്ധര്‍ വിശദീകരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റം ബോംബിനേക്കാള്‍ ആറിരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് ഉത്തരകൊറിയ സെപ്റ്റംബര്‍ മൂന്നിന് പരീക്ഷിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അപകടത്തെകുറിച്ച് ഉത്തരകൊറിയ പ്രതികരിച്ചിട്ടുമില്ല. ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായി ഉത്തര കൊറിയ സെപ്തംബര്‍ ആദ്യം അറിയിച്ചിരുന്നു. ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കാന്‍ കഴിയുന്നതാണ് ഇതെന്നാണ് ഉത്തരകൊറിയ ഉന്നയിച്ച അവകാശവാദം. ഈ പരീക്ഷണത്തിനിടെയായിരുന്നോ അപകടം എന്ന് സൂചനയുണ്ട്. ഉടന്‍ തന്നെ വീണ്ടും ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കുമെന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കിയിരുന്നു.

 

Related posts