നോട്ട് പ്രതിസന്ധിക്കിടയില്‍ ജനിച്ച കുഞ്ഞിന് പേരിട്ടു. ഇതല്ലാതെ എന്താണവനെ വിളിക്കുക?

NOEനോട്ട് നിരോധനത്തെ  ബന്ധപ്പെടുത്തിയുള്ള തമാശകള്‍ക്കും   അതേത്തുടര്‍ന്നുണ്ടായ  പ്രശ്‌നങ്ങള്‍ക്കും ഇനിയും ശമനം വന്നിട്ടില്ല. കാണ്‍പൂരില്‍ നോട്ട് മാറുന്നതിനായി ബാങ്കില്‍ ക്യൂ നില്‍ക്കവേ പ്രസവ വേദന അനുഭവപ്പെടുകയും തുടര്‍ന്ന് ബാങ്കില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തത് വാര്‍ത്തയായിരുന്നു.

ബാങ്കില്‍ പിറന്ന് വീണ കുഞ്ഞിന് എന്ത് പേരിടും എന്നത് പല ആളുകളും ചിന്തിച്ച കാര്യമാണ്. എന്നാല്‍ ബാങ്കില്‍ ജനിച്ച കുട്ടിയ്ക്ക് പേരിടാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല എന്നതാണ് സത്യം. കാഷര്‍ എന്നര്‍ത്ഥം വരുന്ന ഖജാഞ്ചി ചേര്‍ത്തൊരു പേര് തന്നെയിട്ടു കുട്ടിയ്ക്ക്. ഖജാഞ്ചി നാഥ് !

കാണ്‍പൂരിലെ സര്‍ദാര്‍പൂര്‍ സ്വദേശിയായ സര്‍വേശ ദേവിയാണ് ബാങ്കില്‍ ക്യൂ നില്‍ക്കവേ തന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഈ മാസം രണ്ടിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് സംഭവം. ബാങ്കില്‍ നിന്നും പണമെടുക്കാന്‍ എത്തിയതായിരുന്നു യുവതി. വരിയില്‍ നില്‍ക്കവെ പ്രസവവേദന അനുഭവപ്പെട്ടു. യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് പണമെടുക്കാന്‍ എത്തിയ മുതിര്‍ന്ന സ്ത്രീകളുടെ ശുശ്രൂഷയില്‍ യുവതി ബാങ്കിനുള്ളില്‍ പ്രസവിക്കുകയായിരുന്നു.

നോട്ട് നിരോധനം മൂലമുള്ള ദുരിതത്തിനിടയില്‍ ജനിച്ചവനെന്ന നിലയില്‍ താനാണ് കുഞ്ഞിന് ഖജാഞ്ചി നാഥ് എന്ന പേരിട്ടതെന്ന് അമ്മാവന്‍ അനില്‍ നാഥ് പറഞ്ഞു.

Related posts